എച്ച്1 ബി വിസയുള്ളവരുടെ ആശ്രിതരെ യു.എസില്‍ ജോലി ചെയ്യുന്നത് വിലക്കിയേക്കും

single-img
24 April 2018

എച്ച്വണ്‍ ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍. എച്ച്വണ്‍ ബി വിസയിലെത്തുന്നവരുടെ പങ്കാളികള്‍ക്ക് ജോലി നല്‍കാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് യു.എസിന്റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക.

എച്ച്വണ്‍ ബി വിസയില്‍ ജോലിക്കെത്തുന്നവരുടെ പങ്കാളികള്‍ക്ക് പ്രത്യേക ഉത്തരവ് പ്രകാരം യു.എസില്‍ ജോലി ചെയ്യാനുള്ള വ്യവസഥ നിലവിലുണ്ട്. ഇതില്‍ മാറ്റം വരുത്താനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. എച്ച്വണ്‍ ബി വിസയിലെത്തുന്ന നിരവധി ഇന്ത്യക്കാരാണ് യു.എസിലെത്തിയതിന് ശേഷം പങ്കാളികള്‍ക്ക് വിവിധ കമ്പനികളില്‍ ജോലി തരപ്പെടുത്തുന്നത്.

എച്ച്1 ബി വിസ നിയമത്തില്‍ തല്‍ക്കാലം മാറ്റം വരുത്തില്ലെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തിരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി. അതിനിടെയാണ് ടെക്കികള്‍ക്ക് തിരിച്ചടിയായേക്കാവുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍ക്കു പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍പരിശീലനത്തിനായി കൂടുതല്‍ കാലം യു.എസില്‍ ചെലവഴിക്കാനുള്ള അനുമതിയും റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം നേരത്തെ തീരുമാനിച്ചിരുന്നു.

പ്രതിവര്‍ഷം 65,000 എച്ച് 1 ബി വിസയാണ് അമേരിക്ക നല്‍കുന്നത്. ഇതില്‍ 20,000 വിസകള്‍ അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയവര്‍ക്കുള്ളതാണ്. എച്ച് 1 ബി വിസയുടെ 86 ശതമാനവും കംപ്യൂട്ടറും അനുബന്ധ ജോലികള്‍ക്കുമായാണ് ഉപയോഗിക്കുന്നത്. 46.5 ശതമാനം എന്‍ജിനിയറിംഗ് മേഖലയില്‍ ഉപയോഗിക്കുന്നു.