അബുദാബി ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

single-img
24 April 2018

യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനുള്ള ആദരമായി ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ സ്മാരകം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. അബുദാബി കോര്‍ണിഷില്‍ സ്ഥാപിച്ച സ്മാരകം കാണാന്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. ആറ് വര്‍ഷത്തെ നിര്‍മാണ രൂപകല്‍പനകള്‍ക്ക് ശേഷമാണ് ഫൗണ്ടേഴ്‌സ് മെമോറിയല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

രാഷ്ട്രപിതാവിന്റെ ജീവിത സന്ദേശവും പൈതൃകവും ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സ്മാരകം രൂപകല്‍പന ചെയ്തിട്ടുള്ളത്. അബൂദബി കോര്‍ണിഷില്‍ 3.3 ഹെക്ടറില്‍ സ്ഥിതിചെയ്യുന്ന സ്മാരകത്തില്‍ പബ്ലിക് ആര്‍ട്ടിസ്റ്റ് റാല്‍ഫ് ഹെല്‍മിക് ഡിസൈന്‍ ചെയ്ത ശൈഖ് സായിദിന്റെ ത്രിമാന പോര്‍ട്രെയ്‌റ്റോടെയുള്ള നിര്‍മ്മിതിയാണ് പ്രധാന ആകര്‍ഷണം.

ശൈഖ് സായിദിന്റെ ജീവിതം, പൈതൃകം, മൂല്യങ്ങള്‍ തുടങ്ങിയവ അപൂര്‍വ വീഡിയോകളിലൂടെ അറിയാന്‍ സാധിക്കും. ഇംഗ്ലീഷിലും അറബിയിലുമുള്ള ടൂര്‍ ഗൈഡുകള്‍ കേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കും. യു.എ.ഇയിലെയും അറേബ്യന്‍ ഉപദ്വീപിലെയും അപൂര്‍വ സസ്യങ്ങളും ചെടികളും സ്മാരകത്തെ പച്ചയണിയിച്ചിട്ടുണ്ട്.

ഖാഫ് മരത്തോപ്പുകളും സിദ്ര്‍ മരങ്ങളും തണല്‍ വിരിച്ചിക്കുന്നു. പബ്ലിക് പ്ലാസ എന്ന പേരില്‍ ഒരുക്കിയ സ്ഥലത്ത് ജനങ്ങള്‍ക്ക് കലാസൃഷ്ടികളും ഉദ്യാനവും ആസ്വദിക്കാനും വിശ്രമിക്കാനും സാധിക്കും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കുന്ന സ്മാരകത്തില്‍ പ്രവേശനം സൗജന്യമാണ്.

ഫെബ്രുവരി 26നാണ് സ്മാരകം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ശൈഖ് സായിദിന് ആദരമായി നിര്‍മിച്ച സ്മാരകത്തിലേക്ക് പൊതു ജനങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫൗണ്ടേഴ്‌സ് മെമോറിയല്‍ ജനറല്‍ മാനേജര്‍ യൂസുഫ് ആല്‍ ഉബൈദി പറഞ്ഞു.