ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാനുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമോ?: നാളെ തുടങ്ങുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

single-img
24 April 2018

കൊല്ലം: സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ കൊല്ലത്ത് തുടക്കമാകും. വൈകിട്ട് അഞ്ച് മണിക്ക് കൊല്ലം ആശ്രാമം മൈതാനത്തെ സികെ ചന്ദ്രപ്പന്‍ നഗറില്‍ സമ്മേളനത്തിന് പതാക ഉയരും. ഇടതുപക്ഷരാഷ്ട്രീയത്തിന് പുതിയദിശാബോധം നല്‍കാനുള്ള തീരുമാനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്ന് സിപിഐ ദേശീയ നേതൃത്വം പ്രതികരിച്ചു.

ബിജെപിയ്‌ക്കെതിരെ മതേതര ജനാധിപത്യ സംഘടനകളെ ഒന്നിപ്പിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്യുന്നത്. ഫാസിസത്തെ എതിര്‍ക്കാന്‍ വിശാലമായ അടിത്തറയുളള പ്രതിരോധം വേണം. കരട് രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കുന്നില്ലെന്നും കോണ്‍ഗ്രസിനെ ഒഴിവാക്കികൊണ്ട് ഇത്തരം ഒരു സഖ്യം സാധ്യമാകില്ലെന്നുമാണ് സിപിഐ നിലപാട്.

ബിജെപിയെ എതിര്‍ക്കുന്ന കക്ഷികളുടെ ജാതകം നോക്കേണ്ടകാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറയുന്നു. തീവ്രഇടത് സ്വഭാവമുള്ളതും അതേസമയം ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകുന്നതുമായ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തണമെന്ന നിലപാടും പാര്‍ട്ടി സജീവ ചര്‍ച്ചയാകും.

പതാക ഉയരുന്നതിന് ശേഷം നാളെ വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യും. ഇരുപത്തിയാറിന് രാവിലെ പതിനൊന്ന് മണിക്ക് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ, കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടും, കരട് സംഘടനാ റിപ്പോര്‍ട്ടും സമ്മേളനത്തില്‍ അവതരിപ്പിക്കും. സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സുധാകര്‍ റെഡ്ഡി തുടരാനാണ് സാധ്യത.

26ന് ആശ്രാമം യൂനുസ് കണ്‍വന്‍ഷന്‍ സെന്ററില്‍ (എ.ബി.ബര്‍ദന്‍ നഗര്‍) പ്രതിനിധി സമ്മേളനം തുടങ്ങും. 900 പ്രതിനിധികള്‍ പങ്കെടുക്കും. മുതിര്‍ന്ന നേതാവും കണ്‍ട്രോള്‍ കമ്മിഷന്‍ അംഗവുമായ സി.എ.കുര്യന്‍ പ്രതിനിധി സമ്മേളന നഗറില്‍ പതാക ഉയര്‍ത്തും.

പ്രതിനിധി സമ്മേളനം 11ന് എസ്.സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഇടതു നേതാക്കളായ ദേബബ്രത ബിശ്വാസ് (ഫോര്‍വേഡ് ബ്ലോക്), ക്ഷിതി ഗോസാമി (ആര്‍എസ്പി), പ്രൊവാഷ് ഘോഷ് (എസ്‌യുസിഐ), ദീപാങ്കര്‍ ഭട്ടാചാര്യ (സിപിഐ–എംഎല്‍) എന്നിവര്‍ പ്രസംഗിക്കും.

മൂന്നിനു കരട് രാഷ്ട്രീയ പ്രമേയം, റിവ്യു റിപ്പോര്‍ട്ട്, സംഘടനാ റിപ്പോര്‍ട്ട് എന്നിവ അവതരിപ്പിക്കും. 27നും 28നും ചര്‍ച്ച. 29നു രാവിലെ ദേശീയ കൗണ്‍സില്‍, കണ്‍ട്രോള്‍ കമ്മിഷന്‍ തിരഞ്ഞെടുപ്പ്. മൂന്നിന് ഒരു ലക്ഷം ചുവപ്പു വൊളന്റിയര്‍മാരുടെ പ്രകടനം. 12.30നു കന്റോണ്‍മെന്റ് മൈതാനത്തുനിന്നു മാര്‍ച്ച് ആരംഭിക്കും.

ചിന്നക്കട വഴി ആശ്രാമം മൈതാനത്തു സമാപിക്കും. തുടര്‍ന്നു പൊതുസമ്മേളനം. കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ് അങ്കണത്തില്‍ നാളെ അഞ്ചിന് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. 29 വരെ സാംസ്‌കാരിക പരിപാടികള്‍ തുടരുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, അസി. സെക്രട്ടറി കെ.പ്രകാശ് ബാബു, സ്വാഗതസംഘം ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി എന്‍.അനിരുദ്ധന്‍ എന്നിവര്‍ പറഞ്ഞു.

കയ്യൂരില്‍നിന്നു ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലും 22–ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്ന പോണ്ടിച്ചേരിയില്‍ നിന്നു ദേശീയ കൗണ്‍സില്‍ അംഗം വിശ്വനാഥന്റെ നേതൃത്വത്തിലും ആണ് പതാക ജാഥകള്‍. ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു കെ.ആര്‍.ചന്ദ്രമോഹനന്റെ നേതൃത്വത്തില്‍ കൊടിമരവും വയലാറില്‍ നിന്നു പി.പ്രസാദിന്റെ നേതൃത്വത്തില്‍ ദീപശിഖയും കൊണ്ടുവരും.