ഹര്‍ത്താല്‍ ദിനത്തില്‍ താനൂരിലെ ബേക്കറി കൊള്ളയടിച്ച സംഭവം: പ്രധാന പ്രതികളും അറസ്റ്റിലായി

single-img
23 April 2018

മലപ്പുറം: ഹര്‍ത്താലിനിടെ താനൂര്‍ കെ.ആര്‍. ബേക്കറി ആക്രമിക്കുകയും സാധനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതികളും അറസ്റ്റിലായി. താനൂര്‍ പുതിയ കടപ്പുറം പക്കിചീന്റെ പുരയ്ക്കല്‍ റാസിഖ് (21), കോര്‍മന്‍ കടപ്പുറം വലിയതൊടി പറമ്പില്‍ അഫ്‌സാദ് (22), പുത്തന്‍തെരു ചിറ്റകത്ത് സൈദ് അഫ്രീദി തങ്ങള്‍ (19), എടക്കടപ്പുറം മമ്മാലിന്റെ പുരയ്ക്കല്‍ ജുനൈദ് (24), ആല്‍ബസാര്‍ ചോയീന്റെ പുരയ്ക്കല്‍ നിയാസ് (20) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തില്‍ ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ റിമാന്‍ഡ്‌ചെയ്തു. സംഭവത്തിലെ പ്രതികളുടെ അറസ്റ്റും റിമാന്‍ഡും മാധ്യമങ്ങളില്‍ നിന്ന് പൊലീസ് മറച്ചുവെച്ചു. പ്രതികളെ ജയിലില്‍ അടച്ച ശേഷമാണ് വിവരം പുറത്തുവിട്ടത്. ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് തിരൂര്‍ പൊലീസ് ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.

പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതികള്‍ കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് തെളിഞ്ഞാല്‍ പോക്‌സോ വകുപ്പും ഇവര്‍ക്കെതിരെ ചുമത്തും.