വരാപ്പുഴ കസ്റ്റഡിമരണം: എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ തള്ളി: കേസ് സിബിഐക്ക് വിടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

single-img
23 April 2018

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേട്ട് കോടതി തള്ളി. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദീപക്കിനു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നു കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദീപക്കിനെ പ്രത്യേകാന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ആലുവ പൊലീസ് ക്‌ളബില്‍ വിളിച്ചുവരുത്തിയ ദീപക്കിനെ മണിക്കൂറുകളോളം ഐ.ജി ശ്രീജിത്ത്, ഡി.ഐ.ജി കെ.പി. ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

ശ്രീജിത്ത് മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ഗുരുതരമായ ആരോപണങ്ങളാണ് ദീപക്കിനെതിരെ ഉന്നയിച്ചത്. കൊലക്കുറ്റം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരെ ചുമത്തിയിട്ടുള്ളത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആലുവ റൂറല്‍ പൊലീസ് മേധാവി എ.വി. ജോര്‍ജിന്റെ സ്‌ക്വാഡ് ടൈഗര്‍ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

അതിനിടെ വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി. പൊലീസിനെതിരായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല. സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം.

എസ്.പി എ.വി ജോര്‍ജിനെ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയത് തെറ്റായ നടപടിയാണ്. പൊലീസ് അക്കാദമിയില്‍ വേണ്ടത് മികച്ച ഉദ്യോഗസ്ഥരാണെന്നും ആരോപണവിധേയരല്ലെന്നും കമ്മിഷന്‍ ചെയര്‍മാന്‍ പി.മോഹനദാസ് പറഞ്ഞു. ഇതിനിടെ വരാപ്പുഴ കസ്റ്റഡി കൊലപാതകത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷം രംഗത്തെത്തി.

സംഭവത്തില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ ഇരുപത്തിനാല് മണിക്കൂര്‍ ഉപവാസ സമരം കൊച്ചിയില്‍ തുടരുകയാണ്.