ബാലപീഡനം നടത്തുന്നവരെ തൂക്കിക്കൊല്ലുകയല്ല വേണ്ടതെന്ന് ശാരദക്കുട്ടി

single-img
23 April 2018

തിരുവനന്തപുരം: ബാലപീഡനം നടത്തുന്നവരെ തൂക്കിക്കൊല്ലുകയല്ല വേണ്ടതെന്നും അവരുടെ മാനസികനില പരിശോധിച്ച് ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയാണ് വേണ്ടതെന്നും എഴുത്തുകാരി ശാരദക്കുട്ടി ടീച്ചര്‍ ആവശ്യപ്പെട്ടു. വധശിക്ഷ ആള്‍ക്കൂട്ടമനസിനെ തൃപ്തിപ്പെടുത്തുന്ന ഒരു പാഴ്‌വേല മാത്രമാണ്. ഒരിക്കലും അതിനോട് യോജിക്കാനാവില്ലെന്നും അവര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം

ബാലപീഡനം നടത്തുന്ന കുറ്റവാളികളെ തൂക്കിക്കൊല്ലുകയല്ല വേണ്ടത്.

ജയിലുകളില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു ശിക്ഷയില്‍ കഴിയുന്നവരെ ചെന്നു കണ്ട്, ഒറ്റക്കും കൂട്ടമായും സംസാരിച്ച് അവരുടെ മാനസിക നില പരിശോധിച്ച് അവരെ ഈയവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പരിശോധിച്ച് ആ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള ദീര്‍ഘകാല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടത്. അതിന് സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് വിദഗ്ദ്ധപാനല്‍ രൂപീകരിക്കണം. മാനുഷിക പരിഗണനയോടെ കുറ്റവാളികളെ സമീപിക്കാനും ആരോഗ്യകരമായി അവരുമായി ഇടപെടാനും ചിന്തിക്കാനും യുക്തിപരമായി പ്രവര്‍ത്തിക്കാനും കഴിയുന്നവരുടെ പാനലായിരിക്കണം. ദീര്‍ഘകാല പദ്ധതികളിലൂടെ മാത്രമേ സാമൂഹികമായ മനോരോഗങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാനാകൂ.

ദാരിദ്ര്യം, അജ്ഞത, വര്‍ദ്ധിച്ച് വരുന്ന മയക്കുമരുന്ന് ഉപഭോഗം, മടുപ്പിക്കുന്ന മറ്റ് ജീവിതാവസ്ഥകള്‍, അരാജകമായിരുന്ന ബാല്യകാല ജീവിതം ഇതെല്ലാം കുറ്റവാസനകളുടെ അടിസ്ഥാന കാരണങ്ങളില്‍ പെടാം.വധശിക്ഷ ആള്‍ക്കൂട്ടമനസിനെ തൃപ്തിപ്പെടുത്തുന്ന ഒരു വ്യര്‍ത്ഥനടപടി മാത്രമാണ്. ഒരിക്കലും അതിനോടു യോജിക്കാനാവില്ല. തെരുവുനായകള്‍ ഉണ്ടാകുന്നത് പോലെ തന്നെ, പരിസരം മലിനമാകുമ്‌ബോഴാണ് എല്ലാ അരാജകത്വവും വര്‍ദ്ധിക്കുന്നത്. നായയെ കൊല്ലുകയല്ല പരിഹാരം, പരിസരം മാലിന്യ മുക്തമാക്കുകയാണ്. ദീര്‍ഘകാല പദ്ധതികള്‍ ആണ് എല്ലാത്തരം പരിവര്‍ത്തനത്തിനും ഉചിതമായത്.