ഡ്രൈവര്‍ മുസ്‌ലിമായതിനാല്‍ യാത്രക്കു വിളിച്ച വാഹനം റദ്ദ് ചെയ്തു; വര്‍ഗീയ പരാമര്‍ശവുമായി വിഎച്ച്പി നേതാവ്: ട്വിറ്ററില്‍ ഇയാളെ പിന്തുടരുന്നത് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍

single-img
23 April 2018

ഡ്രൈവര്‍ മുസ്‌ലിമായതിനാല്‍ ബുക്ക് ചെയ്ത ഒല ടാക്‌സി റദ്ദ് ചെയ്തു എന്ന വര്‍ഗീയ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അഭിഷേക് മിശ്ര. ട്വിറ്ററിലൂടെയാണ് അഭിഷേക് മിശ്ര വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഏപ്രില്‍ 20 നാണ് അഭിഷേക് ഒല ബുക്ക് ചെയ്തത്. എന്നാല്‍ മസൂദ് അലാം എന്നയാളായിരുന്നു അതിന്റെ ഡ്രൈവര്‍. ഒരു ജിഹാദിക്ക് പണം നല്‍കാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ താന്‍ ബുക്ക് ചെയ്ത ഒല റദ്ദ് ചെയ്തു എന്നതായിരുന്നു അഭിഷേകിന്റെ ട്വീറ്റ്. റദ്ദ് ചെയ്തതിന്റെ ചിത്രവും ട്വീറ്റിനോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

ട്വിറ്ററില്‍ നിരവധിപ്പേരാണ് അഭിഷേകിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒലയോട് അഭിഷേകിനെ വിലക്കാനും നിരവധിപ്പേര്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, പെട്രോളിം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ തുടങ്ങിയവര്‍ ട്വിറ്ററില്‍ അഭിഷേകിനെ ഫോളോ ചെയ്യുന്നുണ്ട്.

അഭിഷേകിന്റെ വിവാദ ട്വീറ്റിന് ഒല മറുപടി നല്‍കിയിരുന്നു. നമ്മുടെ രാജ്യത്തെപ്പോലെ ഒലയും മതേതരത്വത്തിലാണ് വിശ്വസിക്കുന്നത്. മതത്തിന്റെയോ, ലിംഗത്തിന്റെയോ, ജാതിയോടെ, നിറത്തിന്റെയോ പേരില്‍ ഡ്രൈവര്‍മാരെയോ, ഉപഭോക്താക്കളെയോ വേര്‍തിരിച്ച് കാണാറില്ല എന്നതായിരുന്നു ഒലയുടെ മറുപടി.

അയോധ്യ സ്വദേശിയായ അഭിഷേക് മിശ്ര ഐടി മേഖലയില്‍ ജോലിചെയ്യുന്ന ആളാണെന്നാണ് അയാളുടെ ഫെയ്‌സ്ബുക്ക് പേജില്‍നിന്ന് ലഭിക്കുന്ന വിവരം. വിശ്വഹിന്ദു പരിഷത്, ബജ്രംഗദള്‍ എന്നീ സംഘടനകളില്‍ സജീവ പ്രവര്‍ത്തകനാണ് താനെന്നും വിഎച്ച്പിയുടെ ഐടി സെല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇയാള്‍ ആവകാശപ്പെടുന്നു.