മോദി സര്‍ക്കാരേ… ഇതാണോ ‘അച്ഛേദിന്‍’: പെട്രോളിന്റെയും ഡീസലിന്റെയും വില സര്‍വകാല റെക്കോഡില്‍

single-img
23 April 2018

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയായി. ഡീസല്‍ ലിറ്ററിന് 71.33 രൂപയാണ്. പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതം വര്‍ധിച്ചു. ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയാണ് വര്‍ധിച്ചത്.

അതേസമയം ഡീസലിന് 3.07 രൂപയും വര്‍ധിച്ചു. ഏപ്രില്‍ ഒന്നിന് ഡീസലിന് 70.08 ഉം പെട്രോളിന് 77.67 രൂപയുമാണ് ഉണ്ടായിരുന്നത്. പെട്രോളിന് ഡല്‍ഹിയില്‍ 74.50 ഉം മുംബൈയില്‍ 82.35 ഉം ചെന്നൈയില്‍ 77.29 ഉം കൊല്‍ക്കത്തയില്‍ 77.20 ഉം രൂപയാണ് ഇന്നത്തെ വില.

ഡീസലിന് ഡല്‍ഹിയില്‍ 65.75, കൊല്‍ക്കത്തയില്‍ 68.45, മുംബൈയില്‍ 70.01 ചെന്നൈ 69.37 രൂപയുമാണ് ലിറ്ററിന് വില. 2013 സെപ്റ്റംബറിലാണ് മുമ്പ് കേരളത്തില്‍ പെട്രോള്‍വില ഈ നിലയിലേക്ക് ഉയര്‍ന്നത്. അന്ന് ലിറ്ററിന് 78.50 വരെയെത്തി. ആഗോള വിപണിയില്‍ 2014 നുശേഷം ഇതാദ്യമായി അസംസ്‌കൃത എണ്ണവില 74 ഡോളര്‍ കടന്നിരിക്കുകയാണ്.

2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി ഒമ്പതുതവണ വര്‍ധിപ്പിച്ചു. ഇതുവഴി ഇക്കാലയളവില്‍ പെട്രോള്‍ വിലയുടെ നികുതിയില്‍ 11.77 രൂപയുടെയും ഡീസലിന്റേതില്‍ 13.47 രൂപയുടെയും വര്‍ധനയുണ്ടായി. ഇതോടെ സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ നികുതി വരുമാനം 2014-15ല്‍ 99,000 കോടിയായിരുന്നത് 201617ല്‍ 2,42,000 കോടിയായി ഉയര്‍ന്നു.

2017 ഒക്ടോബറില്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില 70.88 രൂപയിലെത്തിയപ്പോള്‍ എക്‌സൈസ് നികുതി ലിറ്ററിന് രണ്ടുരൂപ കുറച്ചിരുന്നു. എന്നാല്‍, പിന്നീട് അസംസ്‌കൃത എണ്ണവില ഉയര്‍ന്ന് തുടങ്ങിയതിനാല്‍ ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല. നികുതി കുറക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ല.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പെട്രോള്‍ വില ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്. അസംസ്‌കൃതഎണ്ണവില ഉയര്‍ത്താനാണു സൗദി അറേബ്യയുടെ തീരുമാനം. രാജ്യാന്തര തലത്തില്‍ 2014നു ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണവില. അസംസ്‌കൃത എണ്ണവില ദിവസവും ഉയരുന്നതിനാല്‍ രാജ്യത്തെ ഇന്ധനവില വരും ദിവസങ്ങളിലും ഉയരാനാണു സാധ്യത.