നാളെ അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിക്കും; നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്: പുതുക്കിയ ശമ്പള വിജ്ഞാപനമിറക്കി സമരം ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട ശ്രമം

single-img
23 April 2018

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. അത്യാഹിത വിഭാഗങ്ങളടക്കം സ്തംഭിപ്പിക്കും. ശമ്പള പരിഷ്‌കരണ ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ സമര പ്രഖ്യാപനം. സംസ്ഥാനത്ത് വെന്റിലേറ്ററുകളിലുള്‍പ്പടെ 75,000 ത്തോളം കിടപ്പുരോഗികള്‍ വിവിധ ആശുപത്രികളിലായുണ്ട്.

ഇവരുടെ ജീവന്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നിരിക്കെ, സമരം ഒഴിവാക്കാന്‍ പല കോണുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണുള്ളത്. സമരം ചെയ്താല്‍ നടപടിയുണ്ടാവുമെന്നും ശമ്പളം റദ്ദാക്കുമെന്നും സൂചിപ്പിച്ച് സ്വകാര്യ ആശുപത്രികള്‍ ഇന്നലെയും ഇന്നുമായി മുന്നറിയിപ്പ് നോട്ടീസുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനെ തള്ളിക്കൊണ്ട് നഴ്‌സുമാര്‍ പരസ്യമായി രംഗത്തുവന്നതോടെ മാനേജ്‌മെന്റുകളും അങ്കലാപ്പിലായി. പണിമുടക്കുന്ന നഴ്‌സുമാര്‍ നാളെ ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രിക്ക് മുന്നില്‍ നിന്ന് 168 കിലോമീറ്ററോളം നടന്ന് സെക്രട്ടേറിയറ്റിലേക്ക് എത്താനാണ് തീരുമാനം.

ഏകദേശം എട്ട് ദിവസത്തോളം ദേശീയപാതയിലൂടെയുള്ള നഴ്‌സുമാരുടെ ലോങ് മാര്‍ച്ച് ഗതാഗതത്തെയും ബാധിക്കും. ഒരുനിലയ്ക്കും പിന്മാറില്ലെന്ന നിലപാടിലുറച്ച് നഴ്‌സുമാര്‍ നിന്നതോടെയാണ് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ മിനിമം വേജ് വിജ്ഞാപനം ഇറക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്നത്.

വിജ്ഞാപനത്തിന് പത്ത് ദിവസത്തെ സമയം കൂടി തൊഴില്‍ വകുപ്പ് ആവശ്യപ്പെട്ടെങ്കിലും മുന്‍കാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി യു.എന്‍.എ അത് നിരസിക്കുകയായിരുന്നു. ഇതോടെയാണ് കഴിയാവുന്നതും വേഗത്തില്‍ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

അതേസമയം, വിജ്ഞാപനത്തില്‍ നഴ്‌സുമാര്‍ ആവശ്യപ്പെട്ട ശമ്പളത്തില്‍ ഗണ്യമായ കുറവ് വരികയാണെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് യു.എന്‍.എ നേതാക്കള്‍ നല്‍കുന്ന സൂചന. ആശുപത്രികളിലെ നഴ്‌സിങ് ഇതര ജീവനക്കാരുടെ പ്രതീക്ഷ കൂടി തകര്‍ന്നാല്‍ ഇവരും സമര രംഗത്തേക്കിറങ്ങുമെന്നാണ് മറ്റു ട്രേഡ് യൂണിയന്‍ നേതാക്കളും പറയുന്നത്. ആശുപത്രികളുടെ ക്ലാസിഫിക്കേഷന്‍ തിരിക്കുന്നതിലെ ആശങ്കകള്‍ വ്യാപകമാണ്. സര്‍ക്കാര്‍ വഞ്ചിച്ചാല്‍ യു.എന്‍.എയുമായി യോജിച്ച സമരത്തിന് തയ്യാറാണെന്ന് എഐടിയുസി ഉള്‍പ്പടെയുള്ള യൂണിയനുകളും അറിയിച്ചിട്ടുണ്ട്.