എന്നെ വലുതാക്കി എന്നെ ഞാനാക്കിയ പാര്‍ട്ടി തന്നെ തലയ്ക്കടിച്ച് നെഞ്ചില്‍ ചവിട്ടി: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് മുന്‍ എംഎല്‍എ പ്രൊഫ. നബീസ ഉമ്മാള്‍

single-img
23 April 2018

നെടുമങ്ങാട് വഴയില റോഡ് വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അശാസ്ത്രീയമാണെന്ന് മുന്‍ എംഎല്‍എ പ്രൊഫ. നബീസ ഉമ്മാള്‍. സാറ്റലൈറ്റ് സര്‍വേ പ്രകാരമാണ് നിലവില്‍ റോഡ് വികസനത്തിനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഇത്തരത്തില്‍ സ്ഥലം ഏറ്റെടുത്താല്‍ 417 കുടുംബങ്ങള്‍ വഴിയാധാരമാകുമെന്ന് നബീസ ഉമ്മാള്‍ പറഞ്ഞു.

നെടുമങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു നബീസ ഉമ്മാള്‍. റോഡിന്റെ ഇരുവശത്തു നിന്നും തുല്യ അളവില്‍ സ്ഥലം ഏറ്റെടുക്കുകയാണ് വേണ്ടത്. സാറ്റലൈറ്റ് സര്‍വേ പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനു പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്നും നബീസ ഉമ്മാള്‍ പറഞ്ഞു.

 

ഈ സര്‍വേ പ്രകാരം തന്റെ വീടും സ്ഥലവും പൂര്‍ണമായും നഷ്ടമാവും. വികസനത്തിന് താന്‍ എതിരല്ല. തന്റെ വീടിനു മുന്‍ വശമുള്ള സ്ഥലം മുഴുവന്‍ റോഡ് വീതികൂട്ടാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണ്. എന്നാല്‍ തന്റെ വീട് മുഴുവന്‍ പൊളിച്ചു മാറ്റാന്‍ സമ്മതിക്കില്ല. വീട് പൊളിക്കുന്നത് തന്റെ മരണത്തിന് തുല്യമാണ്.

എന്തൊക്കെ തന്നെ സംഭവിച്ചാലും ഈ വീട്ടില്‍ നിന്നും താന്‍ ഇറങ്ങികൊടുക്കില്ലെന്നും നബീസ ഉമ്മാള്‍ പറഞ്ഞു. എന്നെ വലുതാക്കി എന്നെ ഞാനാക്കിയ പാര്‍ട്ടി തന്നെ തലയ്ക്കടിച്ച് നെഞ്ചില്‍ ചവിട്ടിയിരിക്കുകയാണ്. ഇതെനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ ഇതറിഞ്ഞോ എന്നൊന്നും തനിക്കറിയില്ലെന്നും നബീസാ ഉമ്മാള്‍ പ്രതിഷേധ കൂട്ടായ്മയില്‍ പറഞ്ഞു.

ഇക്കാര്യത്തെ കുറിച്ച് എംഎല്‍എയെ കണ്ട് പരാതി പറഞ്ഞെങ്കിലും നിഷേധാത്മക നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് നബീസ ഉമ്മാള്‍ ‘ഇ വാര്‍ത്ത’യോട് പറഞ്ഞു. സി ദിവാകരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുമ്പ് തന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങിയ ആളാണ്.

തന്റെ വീട് നഷ്ടമാകും എന്ന് പരാതി പറഞ്ഞപ്പോള്‍ ടീച്ചര്‍ എന്തിനാണ് ആ വീട് കെട്ടിപ്പിടിച്ചിരിക്കുന്നത് എന്നായിരുന്നു ദിവാകരന്റെ ചോദ്യം. 400 കുടുംബങ്ങളെ ബാധിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അവരൊന്നും തന്റെ കുടുംബക്കാരല്ലല്ലോ എന്നായിരുന്നു എംഎല്‍എ സി ദിവാകരന്റെ മറുപടിയെന്നും നബീസ ഉമ്മാള്‍ ‘ഇ വാര്‍ത്ത’യോട് പറഞ്ഞു.

സാറ്റലൈറ്റ് സര്‍വേ പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് അനുകൂലമാണ് പ്രാദേശിക സിപിഎം നേതാക്കള്‍. കോണ്‍ഗ്രസിന്റെ ഒരു വിഭാഗം നേതാക്കളും ഇതിനെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ മുന്‍ എംഎല്‍എ പാലോട് രവിയുമായി ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു.

താന്‍ എംഎല്‍എ ആയിരുന്നപ്പോഴുള്ള കാര്യമല്ല ഇതെന്നും നിലവിലെ സംഭവങ്ങളെക്കുറിച്ച് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളോട് ചോദിച്ചാല്‍ മതിയെന്നുമായിരുന്നു പാലോട് രവിയുടെ നിലപാട്. പാലോട് രവിയുടെ ഈ ഇരട്ടത്താപ്പിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ശക്തമായ അമര്‍ഷമുണ്ട്.