ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസ് ഉപരാഷ്ട്രപതി തള്ളി

single-img
23 April 2018

സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു തള്ളി. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നാണ് വിശദീകരണം. ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ചീഫ് ജസ്റ്റീസിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അപക്വമാണ്. തെറ്റായ കീഴ്വഴക്കമാണ് ഉണ്ടായിരിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കോണ്‍ഗ്രസ്, ആര്‍ജെഡി, എന്‍സിപി, സിപിഎം, സിപിഐ, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളാണ് ചീഫ് ജസ്റ്റീസിനെതിരെ കഴിഞ്ഞ ദിവസം ഇംപീച്ച്‌മെന്റ് നോട്ടീസ് വെങ്കയ്യ നായിഡുവിനു നല്‍കിയത്.

ഞായറാഴ്ച വെങ്കയ്യ നായിഡു മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഹൈദരാബാദിലായിരുന്ന ഉപരാഷ്ട്രപതി സന്ദര്‍ശനം വെട്ടിച്ചുരുക്കി നോട്ടിസ് പരിഗണിക്കുന്നതിനായി ഡല്‍ഹിയില്‍ എത്തുകയായിരുന്നു.

സിബിഐ പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും കേസ് പരിഗണിക്കരുതെന്നും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതിനുപിന്നാലെയാണു ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്. സുപ്രീംകോടതിയിലെ അസാധാരണ സാഹചര്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാലു മുതിര്‍ന്ന ജഡ്ജിമാര്‍ നേരത്തേ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ചീഫ് ജസ്റ്റീസിന്റെ പേര് പരാമര്‍ശിക്കുന്നതടക്കം അഞ്ച് പ്രധാന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം നോട്ടീസ് സമര്‍പ്പിച്ചത്.

തനിക്കെതിരേ തന്നെയുള്ള കേസ് പരിഗണിച്ചു വിധി പറഞ്ഞതിലൂടെ അധികാര ദുര്‍വിനിയോഗം, മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ എന്ന അധികാരത്തിന്റെ ദുര്‍വിനിയോഗം, ഭൂമി വാങ്ങാനായി തെറ്റായ സത്യവാങ്മൂലം നല്‍കല്‍, ചീഫ് ജസ്റ്റീസിനെതിരേയുള്ള ഹര്‍ജി സ്വയം കേള്‍ക്കുന്നതിനായി മെമ്മോ തീയതി തിരുത്തല്‍ തുടങ്ങിയ ആരോപണങ്ങളും ചീഫ് ജസ്റ്റീസിനെതിരേ ഉയര്‍ത്തിയിരുന്നു. അതേസമയം വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.