ലിഗയുടെ മരണം കൊലപാതകം; പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബം: സത്യം പുറത്തു കൊണ്ടുവരുമെന്ന് ഡിജിപി

single-img
23 April 2018

തിരുവനന്തപുരം: കോവളത്ത് ലാത്‌വിയന്‍ വനിത ലിഗ കൊല്ലപ്പെട്ടതു തന്നെയാണെന്നു കുടുംബം. സാഹചര്യ തെളിവുകളെല്ലാം അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്ന് സഹോദരി ഇലീസ് ആവശ്യപ്പെട്ടു.

ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താന്‍ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും ഇലിസ പറഞ്ഞു. കേസില്‍ ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇലിസ പറഞ്ഞു.

അന്വേഷണത്തില്‍ പൊലീസ് ഗുരുതര വീഴ്ച വരുത്തി. ലിഗയെ കാണാതായി പത്താം ദിവസമാണ് കേസ് ഗൗരവമായെടുത്തത്. ആദ്യദിവസങ്ങളില്‍ കരഞ്ഞുപറഞ്ഞിട്ടും ഔദ്യോഗികതലത്തില്‍ സഹായം ലഭിച്ചില്ലെന്നും അവര്‍ ആരോപിച്ചു. അതേസമയം, അന്വേഷണത്തില്‍ എല്ലാ പിന്തുണയും നല്‍കിയ മലയാളികള്‍ക്കു ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് നന്ദി പറഞ്ഞു.

ഇതിന്റെ പേരില്‍ കേരളത്തെ ആരും പഴിക്കരുത്. ഇത്തരമൊരു സംഭവം ലോകത്ത് എവിടെ വേണമെങ്കിലും സംഭവിക്കാം. ലിഗയെ അന്വേഷിക്കുമ്പോള്‍ ഇതിലേറെ സ്‌നേഹവും നന്മയുമൊന്നും വേറെ എവിടെനിന്നും ഞങ്ങള്‍ക്കു പ്രതീക്ഷിക്കാനാകില്ല. അത്രയേറെ പിന്തുണയാണു കേരളത്തില്‍നിന്നു ലഭിച്ചതെന്നും ആന്‍ഡ്രൂസ് പറഞ്ഞു.

‘ജനങ്ങളോട്, പ്രത്യേകിച്ച് തിരുവല്ലത്തിനു സമീപത്തുള്ളവരോട് ഒരു അഭ്യര്‍ഥനയുണ്ട്. ലിഗയുടെ മരണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ അതു പൊലീസിനെ അറിയിക്കണം. പേടിച്ചു മാറി നില്‍ക്കരുത്. ഞങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു.

അതില്‍ അസ്വാഭാവിക മരണമെന്നതു വ്യക്തമാണ്. അതിനാല്‍ത്തന്നെ പെട്ടെന്നുള്ള തീരുമാനങ്ങളിലേക്കു പോകരുത്. എങ്ങനെയാണ് കണ്ടല്‍ക്കാട്ടില്‍ ലിഗ എത്തിയതെന്നതില്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണം വേണം. കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കണം- ആന്‍ഡ്രൂസ് പറഞ്ഞു.

ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടില്‍നിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ലിഗയുടെ തലമുടി, വസ്ത്രങ്ങള്‍, ശരീരത്തിലെ തിരിച്ചറിയല്‍ പാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്. വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തന്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ ലിഗയെ ഒരു മാസം മുന്‍പാണ് കാണാതായത്.

അതിനിടെ കേസിലെ അന്വേഷണം വെല്ലുവിളിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മുന്‍വിധിയോടുകൂടി പ്രതികരിക്കാനില്ല. അന്വേഷണം അഭിമാനപ്രശ്‌നം കൂടിയാണ്. ഏറ്റവും മികച്ച ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തും.

ഒരുദിവസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കാനാവില്ല. എത്രസമയമെടുത്താലും സത്യം പുറത്തുകൊണ്ടുവരുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണത്തിന്റെ വസ്തുതകള്‍ പരസ്യപ്പെടുത്തരുതെന്ന് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവിധ പരിശോധനകളും നടത്തും. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം തേടിമാത്രമേ അന്തിമ നിഗമനത്തിലെത്തൂ. ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.