ഇംപീച്ച്‌മെന്റ് നോട്ടീസിനുശേഷം ആദ്യ കോടതി ദിനം ഇന്ന്; ദീപക് മിശ്ര ചീഫ് ജസ്റ്റിസായിരിക്കുന്ന കോടതിയില്‍ ഇനി താന്‍ ഹാജരാവില്ലെന്ന് കബില്‍ സിബല്‍

single-img
23 April 2018

പ്രതിപക്ഷം ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയതിന് ശേഷമുളള ആദ്യകോടതിദിനത്തില്‍ എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്. ജുഡീഷ്യല്‍ ജോലികളില്‍ തുടരണമോയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വയം തീരുമാനിക്കണമെന്ന് സുപ്രീംകോടതിയിലെ ഒരു വിഭാഗം മുതിര്‍ന്ന അഭിഭാഷകര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.

നോട്ടിസിന്റെ കാര്യത്തില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ തീരുമാനം നിര്‍ണായകമാകും. കോടതി സിറ്റിങും ഭരണനിര്‍വഹണവും തുടരാനാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ തീരുമാനം. ഫാലി നരിമാന്‍, രാംജെഠ്മലാനി തുടങ്ങി ഒട്ടേറെ പ്രമുഖ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഇംപീച്ച്‌മെന്റ് നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ദീപക് മിശ്രയെ പിന്തുണയ്ക്കുന്ന അഭിഭാഷകര്‍ പറയുന്നു. നാല് മുതിര്‍ന്ന ജഡ്ജിമാരുടെ പ്രസ്താവനയും ഇപ്പോഴത്തെ ഇംപീച്ച്‌മെന്റ് നടപടിയുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നാണ് ഫാലി നരിമാന്റെ നിലപാട്.

എന്നാല്‍, സുപ്രീംകോടതിയുടെ അന്തസ്, വിശ്വാസ്യത, സുതാര്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ദീപക് മിശ്ര മാറിനില്‍ക്കണമെന്നുമാണ് എതിര്‍വിഭാഗം അഭിഭാഷകരുടെ ആവശ്യം. അതിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കോടതിയില്‍ ഹാജരാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ പറഞ്ഞു.

ദീപക് മിശ്ര വിരമിക്കുതു വരെ അദ്ദേഹത്തിന്റെ കോടതിയില്‍ ഹാജരാകില്ല. തന്റെ തൊഴിലിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കാനാണിതെന്നും സിബല്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍കേന്ദ്രമന്ത്രിയും അഭിഭാഷകനുമായ പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ എന്തുകൊണ്ടാണ് ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പിടാത്തതെന്ന ചോദ്യത്തോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ചിദംബരത്തോട് ഒപ്പിടാന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയില്‍ ചിദംബരത്തിന്റെ കേസുകള്‍ ഇപ്പോഴുമുണ്ട്. അവിടെ അദ്ദേഹത്തിനു വേണ്ടി ഹാജരാകുന്നത് താനാണ്’. ദീപക് മിശ്രയുടെ മുമ്പാകെ ഹാജരാകില്ലെന്ന തന്റെ തീരുമാനം ചിദംബരത്തിന് വലിയ നഷ്ടമാകുമെന്നും സിബല്‍ പറഞ്ഞു. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനായി പ്രതിപക്ഷപാര്‍ട്ടികള്‍ കൊണ്ടുവന്ന നോട്ടീസില്‍ സിബല്‍ ഒപ്പുവച്ചിരുന്നു.