ഒമ്പത് വയസുകാരിയെ ട്രെയിനില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി നേതാവ് അറസ്റ്റില്‍

single-img
23 April 2018

ഒമ്പത് വയസുകാരിയെ ട്രെയിനില്‍ ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുള്ള മദ്രാസ് ഹൈക്കോടതി അഭിഭാഷകന്‍ കെപി പ്രേം അനന്ത് ആണ് പിടിയിലായത്. ഇന്നലെ തിരുവനന്തപുരം ചെന്നൈ ട്രെയിനിലാണ് സംഭവം.

റിസര്‍വേഷനില്ലാതെയാണ് കോയമ്പത്തൂരില്‍ നിന്ന് ബിജെപി നേതാവ് ട്രെയിനില്‍ കയറിയത് എന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. മദ്രാസ് ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇയാളുടെ പക്കലുണ്ടായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ താനൊരു അഭിഭാഷകനാണെന്നും ബിജെപിക്കാരനാണെന്നും പറഞ്ഞ് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാള്‍ എന്നും റെയില്‍വെ പൊലീസ് പറയുന്നു.

ഇറോഡ് വച്ചാണ് ഇയാളെ യാത്രക്കാര്‍ ചേര്‍ന്ന് റെയില്‍വെ പൊലീസിനെ ഏല്‍പ്പിക്കുന്നത്. പോസ്‌കോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 2006ല്‍ ചെന്നൈ ആര്‍കെ നഗര്‍ മണ്ഡലത്തിലാണ് ഇയാള്‍ മത്സരിച്ചത്. അതേസമയം പ്രേം അനന്ത് ഇപ്പോള്‍ ബിജെപിയില്‍ എന്തെങ്കിലും പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നയാളല്ലെന്നും പ്രാദേശികതലത്തില്‍ അയാള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് തനിക്കറിയില്ലെന്നുമാണ് ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദരരാജന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരിക്കുന്നത്.

ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ പാര്‍ട്ടി അത് വച്ചുപൊറുപ്പിക്കില്ലെന്നും പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പരമാവധി ശിക്ഷ അവര്‍ക്ക് ലഭിക്കണമെന്നുമാണ് പാര്‍ട്ടി നിലപാടെന്നും തമിളിസൈ സൗന്ദരരാജന്‍ പറഞ്ഞു.