വാഹനവ്യൂഹത്തില്‍ ട്രക്ക് ഇടിച്ച സംഭവത്തിനു പിന്നാലെ കേന്ദ്രമന്ത്രി അനന്ത് കുമാറിന് വധഭീഷണി

single-img
23 April 2018

തനിക്ക് വധഭീഷണിയുള്ളതായി കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എംപിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് തന്റെ വസതിയിലെ ലാന്റ് ലൈന്‍ നമ്പറില്‍ വധഭീഷണി മുഴക്കിക്കൊണ്ടുള്ള കോള്‍ വന്നതെന്ന് ഹെഗ്‌ഡെ പറയുന്നു.

ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യത്തെ ഫോണ്‍ വന്നത്. അനന്ത് കുമാറിന്റെ ഭാര്യയായിരുന്നു ഈ ഫോണ്‍ എടുത്തത്. വിളിച്ചയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും മന്ത്രിയെക്കുറിച്ച് അന്വേഷിച്ച ശേഷം ഫോണ്‍ വച്ചെന്നും അനന്ത് കുമാറിന്റെ ഭാര്യ പറഞ്ഞു.

തുടര്‍ന്ന് രണ്ടുവട്ടം കൂടി ഇയാള്‍ വിളിച്ചു. മൂന്നാമത്തെ തവണ അനന്ത് കുമാറാണ് ഫോണ്‍ എടുത്തത്. ‘വലിയ നേതാവാണെന്നാണോ വിചാരം? ഞങ്ങള്‍ നിന്റെ തലവെട്ടിക്കളയും’. ശരീരം കഷണങ്ങളായി വെട്ടിമുറിക്കുമെന്നും അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ് ഗോവിന്ദ് സിര്‍സി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐ പി സി 504, 507 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച മന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ട്രക്ക് ഇടിച്ച സംഭവം വിവാദമായിരുന്നു.

കര്‍ണാടകത്തിലെ ഹാവേരി ജില്ലയില്‍ റാണെബെന്നൂരിലുണ്ടായ അപകടത്തില്‍ മന്ത്രിയെ അനുഗമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തനിക്ക് നേരെ നടന്നത് കൊലപാതകശ്രമമാണെന്ന് അപകടത്തിനുശേഷം മന്ത്രി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.

അപകടം ചിലര്‍ മനഃപൂര്‍വം ഉണ്ടാക്കിയതാണെന്നും തന്റെ ജീവന്‍ അപകടത്തില്‍പ്പെടുത്താനായിരുന്നു ലക്ഷ്യമെന്നും പറഞ്ഞ് മന്ത്രി നിരന്തരം ട്വീറ്റുകളും പുറത്തുവിട്ടു. ഇടിച്ച ലോറിയുടെ ഡ്രൈവര്‍ നാസര്‍ എന്നു പേരുള്ള ഒരാളാണെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഇയാളുടെ ചിത്രങ്ങളും ഹെഗ്‌ഡെ തന്റെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചിരുന്നു. നാസറിനു പിന്നില്‍ ഒരു വന്‍ സംഘം തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം.