അബുദാബി മണ്ണില്‍ ‘പൊന്നു വിളയിച്ച്’ ദമ്പതികള്‍

single-img
23 April 2018

അബുദാബി: ചീര, സ്വീറ്റ് കോണ്‍, തക്കാളി, ബീന്‍സ്, തണ്ണി മത്തന്‍, ഷമാം, കൂടാതെ അറേബ്യന്‍ മേഖലയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന സലാഡിന് ആവശ്യമായ ഇനങ്ങളും. ഇതിനെല്ലാം പുറമെ താറാവ്, കോഴി, ആട്, മുയല്‍, പശു, പക്ഷികള്‍ തുടങ്ങിയവയും. അബുദാബി നഗരത്തില്‍ നിന്നും നാല്‍പത് കിലോമീറ്റര്‍ മാറി അല്‍ റഹ്ബ എന്ന സ്ഥലത്തെ മൂന്നു ഏക്കര്‍ വിസ്തൃതിയുള്ള കൃഷിയിടം കണ്ടാല്‍ ആരും നോക്കിനിന്നുപോകും.

ദമ്പതികളായ ജിന്റോയും ഭാര്യ ജെമിയും കഴിഞ്ഞ അഞ്ച് വര്‍ഷമായി അബുദാബിയിലെ ഈ മണ്ണില്‍ പൊന്നു വിളയിക്കുകയാണ്. കര്‍ഷക പാരമ്പര്യമുള്ളവരാണ് ഈ ദമ്പതികള്‍. ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയില്‍ ആണ് രണ്ടുപേരും ബിരുദം എടുത്തിരുന്നത്. അതിനാല്‍ കൃഷിയോടൊപ്പം ചെറിയ ഒരു ഹോട്ടല്‍ ബിസിനസ്സിലേക്കും ശ്രദ്ധയൂന്നി.

ജിന്റോയുടെ ഭാര്യ ജെമി തന്നെയാണ് ഇപ്പോള്‍ കൂടുതലും കൃഷിക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പ്രകൃതി സ്‌നേഹിയായ അബ്ദുല്ല അല്‍ സാബി എന്ന സ്വദേശി യുവാവിന്റെ പൂര്‍ണ്ണ പിന്തുണയും ഈ ദമ്പതികള്‍ക്കുണ്ട്. അതോടൊപ്പം കൃഷിയോടുള്ള ഇവരുടെ ഇഷ്ടവും ഇവര്‍ വന്നു ചേര്‍ന്ന സ്ഥലത്ത് ലഭ്യമായ സൗകര്യങ്ങളും ഈ മേഖലയില്‍ കൂടുതല്‍ വിജയം കൈവരിക്കുവാന്‍ ഇവരെ സഹായിച്ചു.

പക്ഷി മൃഗാദികളുടെ കാഷ്ടം വളമായി ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ കൃഷിഭൂമിയില്‍ രാസവളങ്ങളോ മറ്റുള്ളവയോ ഉപയോഗിക്കുന്നില്ല. സെപ്റ്റംബര്‍ മാസത്തോടെയാണ് കൃഷിക്കായി സ്ഥലം ഒരുക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയാണ് പച്ചക്കറികള്‍ കൃഷി ചെയ്യുന്നത്.

മാര്‍ച്ചു മുതലുള്ള കാലയളവിലാണ് തണ്ണി മത്തന്‍, ഷമാം എന്നിവ കൃഷി ചെയ്യുന്നത്. ഇരുപത്തി മൂന്നു ജോലിക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിനോടകം തന്നെ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ സ്‌കൂളുകളില്‍ നിന്നും, കൂട്ടായ്മകളില്‍ നിന്നുമെല്ലാം നിരവധി സന്ദര്‍ശകരും കൃഷിയെ കൂടുതല്‍ നേരിട്ട് അറിയുവാനായി എത്തുന്നുണ്ട്.

പച്ചക്കറികള്‍ വാങ്ങാനും നിരവധി പേര്‍ ഇവിടെ എത്താറുണ്ട്. മത്സ്യകൃഷിയാണ് ഇവരുടെ പുതിയ ആശയം. അവ വളര്‍ത്തുന്നതിന്റെ ആദ്യഘട്ട തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനെ ബിസിനസ് ആയി മാത്രം കാണാതെ കലാപരമായി കാണുക എന്നതാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് ഇവര്‍ അവകാശപ്പെടുന്നു.