യോഗി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം യുപിയില്‍ ലൈംഗിക പീഡനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്: ഇന്നലെ മാത്രം ബലാത്സംഗം ചെയ്യപ്പെട്ടത് നാല് പെണ്‍കുട്ടികള്‍

single-img
22 April 2018

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഉത്തര്‍പ്രദേശില്‍ ലൈംഗിക പീഡനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് നാല് ലൈംഗിക പീഡന കേസുകള്‍. റാംപൂരില്‍ ഏഴ് വയസുകാരിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചതാണ് ഒരു കേസ്.

വെള്ളം ശേഖരിക്കാന്‍ പോയ കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടി. കനൗജില്‍ 11 വയസ്സുകാരിയായ പെണ്‍കുട്ടിയെ സ്വന്തം അമ്മാവന്‍ പീഡിപ്പിച്ചതാണ് രണ്ടാമത്തെ സംഭവം. പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് പീഡനം.

മുസഫര്‍നഗറില്‍ 13കാരിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതാണ് മറ്റൊരു സംഭവം. തലവേദനയെ തുടര്‍ന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തിയ കുട്ടിയെയാണ് ഡോക്ടര്‍ ബലാത്സംഗം ചെയ്തത്. രണ്ടു ദിവസത്തിന് ശേഷമാണ് കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. കുട്ടിയെ മയക്ക്മരുന്ന് കുത്തിവെച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്.

മൊറാദാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതാണ് നാലാമത്തെ സംഭവം.
അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആഗ്ര മേഖലയിലെ എട്ട് ജില്ലകളില്‍ മാത്രം നടന്നത് 129 ലൈംഗിക പീഡനങ്ങളാണ്. മേഖലയില്‍ 2015-2017 കാലഘട്ടത്തില്‍ 1345 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കണക്കുകള്‍ പറയുന്നു.

2018 ജനുവരി ഒന്നിനും മാര്‍ച്ച് 31 നും ഇടക്ക് 129 ലൈംഗിക പീഡന കേസുകളാണ് ആഗ്ര മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അലിഗഡ്, ആഗ്ര, മധുര എന്നീ ജില്ലകളിലാണ് സ്ത്രീകള്‍ ഏറ്റവും അധികം ലൈംഗിക പീഡനത്തിന് ഇരയായത്. അലിഗഡില്‍ 27 ഉം, മധുരയില്‍ 26ഉം, ആഗ്രയില്‍ 25 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിറോസാബാദ്, മെയിന്‍ പുരി, ഇറ്റാഹ്, കാസ്ഗഞ്ച്, ഹത്രാസ് എന്നിവയാണ് മേഖലില്‍ ഉള്‍പ്പെടുന്ന മറ്റു ജില്ലകള്‍. ഇറ്റാവയില്‍ കഴിഞ്ഞ ആഴ്ച രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് അടക്കമുള്ള ഏപ്രില്‍ മാസത്തിലെ വിവരങ്ങള്‍ പട്ടികയില്‍ ഇല്ല. സംഭവങ്ങളില്‍ ആകെ 260 പേര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. ഇതില്‍ 22 പേരെ വെറുതെ വിട്ടു.

ബാക്കിയുള്ള 205 പേരില്‍ 140 പേരെ മാത്രമാണ് ശിക്ഷിച്ചത്. 10 പേര്‍ കോടതിയില്‍ കീഴടങ്ങി. ബാക്കിയുള്ളവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മേഖലയില്‍ 2015 ജനുവരി മുതല്‍ 2017 നവംബര്‍ വരെ 1354 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭൂരിഭാഗം പോക്‌സോ കേസുകളിലും കുറ്റക്കാര്‍ കുട്ടിയുടെ അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.