സീതാറാം യച്ചൂരിക്ക് രണ്ടാമൂഴം; കാത്തിരിക്കുന്നത് പാര്‍ട്ടിക്കകത്തും പുറത്തും നിന്നുമുള്ള വന്‍ വെല്ലുവിളികള്‍

single-img
22 April 2018

ഹൈദരാബാദ്: സിപിഎം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

സമ്മര്‍ദ്ദം ചെലുത്തി യച്ചൂരിയെ മാറ്റാന്‍ കാരാട്ട് പക്ഷം ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ മല്‍സരത്തിനു തയാറാണെന്ന നിലപാടായിരുന്നു യച്ചൂരിയുടേത്. പുതിയ കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ എന്നിവയ്ക്കുള്ള പാനല്‍ തയാറാക്കാന്‍ ഇന്നലെ രാത്രി ചേര്‍ന്ന പിബിക്കു തീരുമാനം സാധ്യമാകാതെ പിരിയേണ്ടിവന്നിരുന്നു. പിബി ഇന്നു രാവിലെ ഒന്‍പതിനു വീണ്ടും ചേര്‍ന്നാണ് യച്ചൂരിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കാര്യത്തില്‍ തീരുമാനമെടുത്തത്.

സിപിഎമ്മിനുള്ളിലെ ജനകീയ മുഖമാണ് സിതാറാം യെച്ചൂരിയുടേത്. കഴിവുറ്റ പാര്‍ലമെന്റേറിയന്‍, നയതന്ത്രജ്ഞന്‍, എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍ തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം വട്ടവും സിപിഎം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരിയ്ക്ക് പാര്‍ട്ടിക്കകത്തു നിന്നും പുറത്തു നിന്നും നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ചെറുതായിരിക്കില്ല.

പാര്‍ട്ടി ചട്ടക്കൂടിന്റെ ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ക്കപ്പുറം മാര്‍ക്‌സിസത്തിന്റെ മാനുഷികതയ്ക്ക് പ്രാധാന്യം നല്‍കുന്ന സിപിഎം നേതാവെന്നാണ് സിതാറാം യെച്ചൂരി വിലയിരുത്തപ്പെടുന്നത്. അതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നെങ്കിലും പുറത്ത് പൊതുസമ്മതനായി യെച്ചൂരി തന്റെ ഇടം ഉറപ്പിച്ചു. മാറിയ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎമ്മിന് കരുത്തുപകരാന്‍ യെച്ചൂരിയുടെ സംഘടനാശൈലിയ്ക്ക് കഴിയും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജ്യം കണ്ട മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളായ യെച്ചൂരിയാണ് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ ആദ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും ഏറെ ശ്രദ്ധേയമായ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. രാജ്യസഭയിലേക്ക് വീണ്ടും മടങ്ങിയെത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും പാര്‍ട്ടി അത് വേണ്ട എന്നു തീരുമാനിക്കുകയായിരുന്നു.

1952 ഓഗസ്റ്റ് 12 ന് സോമയാജലുവിന്റെയും കല്‍പ്പാക്കത്തിന്റെയും മകനായി ഹൈദരാബാദിലാണ് സിതാറാം യെച്ചൂരിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഉയര്‍ന്ന പഠനനിലവാരം പുലര്‍ത്തിയ യെച്ചൂരി ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും ഒന്നാം റാങ്കോടെയാണ് ബിരുദം കരസ്ഥമാക്കിയത്. 1975 ല്‍ ജെഎന്‍യുവില്‍ ചേര്‍ന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദം നേടിയതും അതേ മികവോടെ തന്നെ. ഗവേഷണവിദ്യാര്‍ഥിയായിരിക്കെ മുതലാണ് യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് മടങ്ങിയെത്തിയ യെച്ചൂരി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തൊട്ടടുത്ത വര്‍ഷം തന്നെ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. 84 ല്‍ സിപിഐഎം കേന്ദ്രക്കമ്മിറ്റി ക്ഷണിതാവായ യെച്ചൂരി 85 ല്‍ കേന്ദ്രകമ്മിറ്റിയംഗവും 88 ല്‍ അഖിലേന്ത്യാ സെന്ററിന്റെ ഭാഗമായും മാറി. 1992 ല്‍ പൊളിറ്റ് ബ്യൂറോ അംഗമായ യെച്ചൂരി കഴിഞ്ഞ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

അന്താരാഷ്ട്ര വിഷയങ്ങളിലെ പഠനവും അഗാധ പാണ്ഡ്യത്യവും യെച്ചൂരിയെ മറ്റു രാജ്യങ്ങളില്‍ പോലും പ്രിയങ്കരനാക്കി. നേപ്പാളില്‍ മാവോയിസ്റ്റുകളെ ജനാധിപത്യപാതയില്‍ കൊണ്ടുവരാന്‍ യെച്ചൂരി നടത്തിയ ശ്രമങ്ങള്‍ പ്രശംസാര്‍ഹമായിരുന്നു. അവിടുത്തെ മാവോവാദി നേതാക്കളായ പ്രചണ്ഡ, ബാബുറാം ഭട്ടാറായി തുടങ്ങിയവരുമായി അടുത്ത സൗഹൃദം യെച്ചൂരിക്കുണ്ടായിരുന്നു. മികച്ച വാഗ്മിയും നയതന്ത്രജഞനുമായ അദ്ദേഹം ആറിലധികം ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യും.