പാര്‍ട്ടിയിലെ ഭിന്നതകള്‍ അവസാനിച്ചുവെന്ന് എം.വി.ഗോവിന്ദന്‍; ആശയങ്ങളുടെ ഏറ്റുമുട്ടല്‍ സിപിഎമ്മില്‍ സ്വാഭാവികമെന്ന് കെ.രാധാകൃഷ്ണന്‍

single-img
22 April 2018

ആശയങ്ങളുടെ ഏറ്റുമുട്ടല്‍ സിപിഎമ്മില്‍ സ്വാഭാവികപ്രക്രിയ ആണെന്ന് പുതിയ കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷ്ണന്‍. വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്ത് ശരിയായ നിലപാട് സ്വീകരിക്കുമ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാകുന്നത്. ഭിന്നതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം ആശങ്കയുണ്ടാക്കിയെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസില്‍ അത്തരമൊരു വികാരമേ ഉണ്ടായില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസോടെ പാര്‍ട്ടിയിലെ ഭിന്നതകള്‍ എല്ലാം അവസാനിച്ചെന്ന് കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, സിപിഎമ്മിന്റെ മുഖ്യശത്രു ബിജെപി തന്നെയാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഹൈദരാബാദില്‍ അഞ്ചു ദിവസങ്ങളിലായി നടന്നുവന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനദിവസമായ ഇന്ന് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യമെന്ന് വ്യക്തമാക്കിയ യെച്ചൂരി ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ നോക്കുമെന്നും പറഞ്ഞു. ഇതിനായുള്ള സഖ്യം സമ്മേളനം അംഗീകരിച്ച പാര്‍ട്ടി നിലപാട് അനുസരിച്ചായിരിക്കും.

രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ പാര്‍ട്ടി സുസജ്ജമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കണ്ണിലെ കൃഷ്ണമണിപോലെ ഐക്യം കാത്തുസൂക്ഷിക്കും. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ സിപിഎം നേതൃത്വം ഒറ്റക്കെട്ടായി മുന്നേറുമെന്നും യച്ചൂരി പറഞ്ഞു.

അതിനിടെ പുതിയ സിസിക്കും പിബിക്കും രൂപം നല്‍കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സിതാറാം യെച്ചൂരി തുടരും. എസ് രാമചന്ദ്രന്‍ പിള്ള പിബിയിലും സിസിയിലും തുടരും. ബസുദേവ് ആചാര്യയുടെ അധ്യക്ഷതയില്‍ അഞ്ചംഗ കണ്‍ട്രോള്‍ കമ്മീഷനും രൂപം നല്‍കിയിട്ടുണ്ട്.

95 അംഗ സ്ഥിരം കേന്ദ്രകമ്മറ്റി അംഗങ്ങളില്‍ പത്തൊന്‍പത് പേര്‍ പുതുമുഖങ്ങളാണ്. ഇതില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഒരുസീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. സ്ഥിരാംഗങ്ങള്‍ക്ക് പുറമെ ആറ് പ്രത്യേക ക്ഷണിതാക്കളും രണ്ട് സ്ഥിരം ക്ഷണിതാക്കളും അടങ്ങുന്നതാണ് പുതിയ സിസി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് കേന്ദ്രകമ്മറ്റിയില്‍ ഇടം നേടിയവര്‍.

മുതിര്‍ന്ന നേതാക്കളായ വിഎസ് അച്യുതാനന്ദന്‍, പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണ്. പികെ ഗുരുദാസനെ കേന്ദ്രകമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. 82 വയസ് മാനദണ്ഡപ്രകാരമാണ് ഗുരുദാസനെ ഒഴിവാക്കിയിരിക്കുന്നത്. പുതുതായി രൂപം നല്‍കിയ കേന്ദ്രകമ്മറ്റി അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് 17 അംഗ പൊളിറ്റ് ബ്യൂറോയ്ക്ക് രൂപം നല്‍കിയത്. കേരളത്തില്‍ നിന്ന് പിബിയിലേക്ക് പുതുതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം, ബംഗാളില്‍ നിന്ന് നീലോല്‍പല്‍ ബസു, തപന്‍ സെന്‍ എന്നിവര്‍ പുതുതായി പിബിയിലെത്തി.

കേരളത്തില്‍ നിന്നുള്ള എസ് രാമചന്ദ്രന്‍ പിള്ളയെ കേന്ദ്രകമ്മറ്റിയിലും പിബിയിലും നിലനിര്‍ത്തിയിട്ടുണ്ട്. പ്രായാധിക്യം കാരണം ഒഴിയാന്‍ താന്‍ സന്നദ്ധനാണെന്ന് എസ്ആര്‍പി വ്യക്തമാക്കിയിരുന്നു. എന്നാല്‍ 80 വയസ് കഴിഞ്ഞെങ്കിലും അദ്ദേഹത്തെ തുടരാന്‍ അനുവദിക്കുകയായിരുന്നു. അതേസമയം, എകെ പത്മനാഭനെ ഒഴിവാക്കി.

പിബി അംഗങ്ങള്‍: സിതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, വൃന്ദ കാരാട്ട്, പിണറായി വിജയന്‍, ഹന്നന്‍ മൊല്ല, കോടിയേരി ബാലകൃഷ്ണന്‍, എംഎ ബേബി, സൂര്യകാന്ത് മിശ്ര, മൊഹമ്മദ് സലിം, സുഭാഷിണി അലി, ബിവി രാഘവലു, ജി രാമകൃഷ്ണന്‍, തപന്‍സെന്‍, നീലോല്‍പല്‍ ബസു.