വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എഎസ്‌ഐയെ ചോദ്യം ചെയ്യുന്നു: ശ്രീജിത്തിനെ മര്‍ദിച്ചത് എസ്.ഐ.ദീപക്കിന്റെ നേതൃത്വത്തിലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

single-img
22 April 2018

വരാപ്പുഴയില്‍ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായ സംഭവത്തില്‍ എഎസ്‌ഐയെ ചോദ്യം ചെയ്യുന്നു. എഎസ്‌ഐയെ ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണസഘം ചോദ്യം ചെയ്യുന്നത്. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയും അന്വേഷണസഘം ചോദ്യം ചെയ്തുവരികയാണ്.

കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകുമോ എന്ന കാര്യത്തില്‍ ചോദ്യം ചെയ്യലിനു ശേഷമായിരിക്കും തീരുമാനമെടുക്കുക. ശ്രീജിത്തിനെ പിടികൂടി വരാപ്പുഴ സ്റ്റേഷനിലെത്തിക്കുമ്പോള്‍ എസ്‌ഐ അവധിയിലായിരുന്നതിനാല്‍ എഎസ്‌ഐ ജയാനന്ദനായിരുന്നു സ്‌റ്റേഷന്റെ ചുമതല.

ഈ സാഹചര്യത്തിലാണ് എഎസ്‌ഐയെ ചോദ്യം ചെയ്യലിന് വിധേയനാക്കുന്നത്. ശ്രീജിത്തടക്കമുള്ളവരെ ആര്‍ടിഎഫുകാര്‍ സ്റ്റേഷനിലെത്തിച്ചതു മുതല്‍ എസ്‌ഐ ദീപക് എത്തുന്നതു വരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ചാവും പ്രധാനമായും എഎസ്‌ഐയോട് ചോദിക്കുക.

അതേസമയം ശ്രീജിത്തിന് ലോക്കപ്പ് മര്‍ദനമേറ്റുവെന്ന് വ്യക്തമാക്കി റിമാന്‍ഡ് റിപ്പോര്‍ട്ട്. വരാപ്പുഴ എസ്.ഐ. ജി.എസ്. ദീപക് ശ്രീജിത്തിനെ ലോക്കപ്പില്‍ വച്ച് ദേഹോപദ്രവം ഏല്‍പിച്ചതായി വടക്കന്‍ പറവൂര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ മര്‍ദനത്തില്‍ ശ്രീജിത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ദീപക്കിനെ പതിനാല് ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ദീപക് സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ പറവൂര്‍ കോടതി പരിഗണിക്കും. ശ്രീജിത്തിന്റെ കസ്റ്റഡിമരണക്കേസില്‍ പ്രതികളായ മൂന്ന് ആര്‍ടിഎഫ് ഉദ്യോസ്ഥര്‍ നല്‍കിയ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളിയിരുന്നു.