9000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം, 22 റെസ്റ്റോറന്റുകള്‍, 24 നീന്തല്‍കുളങ്ങള്‍: ഇത് കടലിലെ ഒഴുകുന്ന കൊട്ടാരം

single-img
22 April 2018

ഏകദേശം 9000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം, 22 റെസ്റ്റോറന്റുകള്‍, 24 നീന്തല്‍കുളങ്ങള്‍, 20000 ചെടികള്‍ പറഞ്ഞുവരുന്നത് ഒരു നഗരത്തിന്റെ കാര്യമല്ല, റോയല്‍ കരീബിയന്റെ പുതിയ കപ്പലായ സിംഫണി ഓഫ് സീസിനെക്കുറിച്ചാണ്. ഈ ഒഴുകുന്ന കൊട്ടാരമാണ് ലോകത്തിലെ ഏറ്റവും വലിയ യാത്രക്കപ്പലും.

ഫ്രാന്‍സിലാണ് സിംഫണി ഓഫ് സീസ് നിര്‍മ്മിച്ചത്. 2016 ല്‍ നിര്‍മാണം ആരംഭിച്ച കപ്പലിന്റെ ആദ്യ യാത്ര കഴിഞ്ഞ ഏഴാം തിയതി ബാസിലോണയില്‍ നിന്നാണ് ആരംഭിച്ചത്. പതിനെട്ടു നിലകളിലായുള്ള ഈ കപ്പലില്‍ 6680 യാത്രക്കാരും 2200 ജീവനക്കാരുമാണുള്ളത്. 1188 അടി നീളവും 238 അടി ഉയരവുമുണ്ട് ഈ കപ്പല്‍ ഭീകരന്.

സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്ന് യാത്ര ആരംഭിച്ച ഈ ഒഴുകുന്ന നഗരം മെഡിറ്ററേനിയന്‍ കടലിലെ പ്രദേശങ്ങളിലൂടെയാണ് സഞ്ചരിക്കുക. യാത്രക്കാര്‍ക്ക് കലാപരിപാടികള്‍ ആസ്വദിക്കുന്നതിന് ബ്രോഡ്‌വേ മാതൃകയില്‍ 1400 പേര്‍ക്ക് ഇരിക്കാവുന്നൊരു തീയേറ്ററും കപ്പലില്‍ സജ്ജമാക്കിയിട്ടുണ്ട്. രാത്രിയില്‍ ഇവിടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. കൂടാതെ മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് സെന്ററുമുണ്ട്.

കുട്ടികള്‍ക്കായുള്ള വാട്ടര്‍ പാര്‍ക്ക്, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ഐസ് സ്‌കേറ്റിങ്, 43 അടി ഉയരമുള്ള റോക്ക് ക്ലൈംബിങ് വാള്‍ തുടങ്ങിയ സൗകര്യങ്ങളും കപ്പിലിലുണ്ട്. 225081 ഗ്രോസ് ടണ്‍ ഭാരമുള്ള ഈ കപ്പിലിന്റെ പരമാവധി വേഗം 22 നോട്ടിക്കല്‍ മൈലാണ്.

അള്‍ട്ടിമേറ്റ് ഫാമിലി സ്യൂട്ടാണ് കപ്പലിലെ ഏറ്റവും ആഡംബര മുറി. അത്യാഢംബര സൗകര്യങ്ങളുമായി 1400 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ടുനിലകളിലായാണ് ഫാമിലി സ്യൂട്ട് സ്ഥിതി ചെയ്യുന്നത്. 85 ഇഞ്ച് എച്ച്് ഡി ടിവിയുള്ള ഹോം തീയറ്ററും 212 ചതുരശ്ര അടി വിസ്തീര്‍ണമുള്ള, കടലിലേക്ക് തുറക്കുന്ന ബാല്‍ക്കണിയും ഈ അപ്പാര്‍ട്ട്‌മെന്റ് സ്യൂട്ടിനെ ആഡംബരത്തിന്റെ അവസാന വാക്കുകളാകുന്നു. എട്ടുപേര്‍ക്ക് ഈ സ്യൂട്ടില്‍ താമസിക്കാനാകും. സ്വന്തം പാചകക്കാരനെയും ഇവര്‍ക്ക് ലഭിച്ചും. കൂടാതെ റോയല്‍സ്യൂട്ട് ക്ലാസ്, ബാല്‍ക്കണി, ഔട്‌സൈഡ് വ്യൂ, ഇന്റീരിയര്‍ തുടങ്ങിയ റൂമുകളുണ്ട്.