എനിക്ക് വേണ്ടാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു; കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ പ്രതികരണവുമായി രമ്യ നമ്പീശന്‍

single-img
22 April 2018

കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ തനിക്കറിയാമെന്ന് നടി രമ്യ നമ്പീശന്‍. കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് രമ്യയുടെ പ്രതികരണം. ‘കാസ്റ്റിംങ് കൗച്ച് സിനിമയില്‍ ഇല്ല എന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല.

എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം സിനിമയിലെ ചില മോശപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ഭാഗ്യവശാല്‍, എനിക്ക് അത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടില്ല. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ട്.

അതുപോലെ എനിക്ക് വേണ്ടാത്ത കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ ഞാന്‍ പഠിച്ചു കഴിഞ്ഞു. സിനിമയിലെ ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ പുറത്ത് വരണം. എന്റെ സുഹൃത്തുക്കള്‍ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ എന്നെ വേദനിപ്പിക്കുന്നു. എല്ലാവരും ഇതെക്കുറിച്ച് തുറന്ന് സംസാരിക്കണം.

നമ്മള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ജനങ്ങളുണ്ട്. സിനിമയില്‍ മാത്രമല്ല, എല്ലാ തൊഴില്‍ മേഖലകളിലും സമാനമായ പ്രശ്‌നങ്ങളുണ്ട്. ഇതിനെ എതിര്‍ക്കാന്‍ സ്ത്രീകള്‍ ധൈര്യത്തോടെ മുന്നോട്ട് വരണം’ രമ്യ പറഞ്ഞു. വ്യത്യസ്തതയാണ് തനിക്കാവശ്യമെന്നും പ്രത്യേക പ്രതിച്ഛായയില്‍ കുടുങ്ങിക്കിടക്കാന്‍ താല്‍പര്യമില്ലെന്നും രമ്യ പറഞ്ഞു.