നോട്ടുക്ഷാമത്തിന് കാരണം എടിഎമ്മില്‍നിന്ന് കൂടുതലായി പണം പിന്‍വലിച്ചതോ, ബാങ്ക് നിക്ഷേപം കുറഞ്ഞതോ അല്ല: പ്രശ്‌നം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകള്‍

single-img
22 April 2018

രാജ്യം നേരിട്ടു കൊണ്ടിരിക്കുന്ന നോട്ടുക്ഷാമത്തിന് കാരണം ആര്‍ബിഐയുടെ നിഷ്‌ക്രിയത്വവും കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകളുമാണെന്ന് സ്ഥാപിച്ച് ബ്ലോഗറും സാമ്പത്തിക നിരീക്ഷകനുമായ ജെയിംസ് വില്‍സണ്‍. നോട്ടുനിരോധന കാലത്താണ് ഇദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് ദേശീയ തലത്തില്‍ പോലും അംഗീകാരം കിട്ടിയത്. നിലവില്‍ വിപണിയില്‍ നേരിടുന്ന നോട്ടുക്ഷാമമവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട മൂന്നു വാദങ്ങളാണ് ജയിംസ് ഉയര്‍ത്തുന്നത്.

എടിഎമ്മില്‍നിന്ന് കൂടുതലായി പണം പിന്‍വലിച്ചതല്ല പ്രശ്‌നം

എടിഎം കൗണ്ടറുകളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിച്ചതാണ് നോട്ടുക്ഷാമത്തിന് കാരണമെന്ന തരത്തിലാണ് ആര്‍ബിഐ അധികൃതര്‍ വിശദീകരിച്ചത്. എന്നാല്‍, ഈ വാദത്തെ കണക്കുകള്‍ വെച്ച് തെറ്റെന്ന് സ്ഥാപിക്കുകയാണ് ജയിംസ് വില്‍സണ്‍. മൂന്ന് ആഴ്ച്ചയ്ക്കിടെ 45,000 കോടി രൂപ എടിഎമ്മില്‍നിന്ന് പിന്‍വലിക്കപ്പെട്ടതായാണ് ആര്‍ബിഐ കണക്ക്. ഓരോ മാസവും സാധാരണഗതിയില്‍ എടിഎമ്മുകളില്‍നിന്ന് പിന്‍വലിക്കപ്പെടുന്നത് 2.50 ലക്ഷം കോടി രൂപയാണ്. പിന്നെ എങ്ങനെയാണ് 45,000 കോടി പിന്‍വലിച്ചപ്പോള്‍ നോട്ടുക്ഷാമം ഉണ്ടായത്.

എടിഎമ്മില്‍നിന്ന് പണം പിന്‍വലിച്ചതല്ല സമ്പദ് വ്യവസ്ഥയുടെ ഒഴുക്കിന് ആവശ്യമായ പണം ഇല്ലാതായതാണ് പ്രതിസന്ധിക്ക് കാരണം. ആവശ്യത്തിന് നോട്ടുകള്‍ ഇല്ലാതിരുന്നിട്ടും പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ കേന്ദ്രം തയാറായില്ല. അതിന് കാരണം ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു. പക്ഷെ കറന്‍സി ഇന്‍ സര്‍ക്കുലേഷന്‍ അല്ലെങ്കില്‍ വിനിമയത്തിലുള്ള നോട്ടുകള്‍ കുറച്ചുകൊണ്ടുള്ള കണ്‍കെട്ട് പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്ന് മാത്രമല്ല തിരിച്ചടിക്കുകയും ചെയ്തു.

ബാങ്ക് നിക്ഷേപങ്ങള്‍ കുറഞ്ഞത് പ്രതിസന്ധി സൃഷ്ടിച്ചോ

56,300 കോടി രൂപയുടെ കുറവാണ് ബാങ്ക് നിക്ഷേപങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ആര്‍ബിഐയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചുവെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നത് ഒരു വര്‍ഷത്തിനിടെ നാല് തവണയാണ് നിക്ഷേപത്തില്‍ കുറവുണ്ടായിട്ടുള്ളത്.

2017 മാര്‍ച്ച് 31നും ഏപ്രില്‍ 14നും ഇടയ്ക്ക് നിക്ഷേപങ്ങളില്‍ 219,350 കോടി രൂപയുടെ കുറവുണ്ടായി. 2017 മെയ് 12നും 26നും ഇടയില്‍ 86,520 കോടി രൂപയുടെ കുറവുണ്ടായി. 2017 ഓഗസ്റ്റ് നാലിനും ഓഗസ്റ്റ് 18നും ഇടയില്‍ 75680 കോടി രൂപയുടെ കുറവുണ്ടായി. 56,300 കോടി രൂപയെന്ന ഏറ്റവും പുതിയ കണക്കുകളേക്കാള്‍ മേലെയാണ് ഈ സംഖ്യകളെല്ലാം. അന്നെല്ലാം എടിഎമ്മില്‍ പണമുണ്ടായിരുന്നു, നോട്ടുക്ഷാമവും ഉണ്ടായിട്ടില്ല.

ഡിജിറ്റല്‍ ഇടപാട് കൂടിയിട്ടില്ല

നോട്ടു നിരോധനത്തിന് ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ കൂടിയതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. 201617ല്‍ 53 ശതമാനമായിരുന്നു ഡിജിറ്റല്‍ പണമിടപാടിലെ വളര്‍ച്ച. 201718ല്‍ ഇത് 36 ശതമാനമായി കുറഞ്ഞു. നോട്ടുനിരോധനത്തിന്റെ സമയത്ത് മറ്റ് ഓപ്ഷനുകള്‍ ഇല്ലാതായതോടെയാണ് ഡിജിറ്റല്‍ പണമിടപാട് വര്‍ദ്ധിച്ചത്.

നോട്ടുകള്‍ ഇത്രയും പോരാ

ക്യാഷ് ഇന്‍ സര്‍ക്കുലേഷന്‍ ജിഡിപി അനുപാതം 2013-14ല്‍ 11.6 ശതമാനമായിരുന്നു. 2015-16 കാലഘട്ടംവരെ 12 ശതമാനം എന്ന അവസ്ഥ തുടര്‍ന്നു. എന്നാല്‍ നോട്ടുനിരോധനത്തിനുശേഷം കാര്യങ്ങള്‍ കൈവിട്ടുപോയി. 2016-17ല്‍ 8.7 ശതമാനമാണ് ക്യാഷ് ഇന്‍ സര്‍ക്കുലേഷന് ജിഡിപി അനുപാതം.

ജിഡിപിയുടെ 11.8 ശതമാനത്തിലേക്ക് എത്തിയാലേ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകൂ. ഇതിനു 20.03 ലക്ഷം കോടി രൂപ വിനിയമത്തിനുണ്ടാകണം. എന്നാല്‍ ആര്‍ബിഐയുടെ ഏപ്രിലിലെ കണക്കനുസരിച്ച് 18.425 ലക്ഷം കോടി രൂപയുടെ വിനിമയം മാത്രമേ ഉള്ളൂ. പ്രതിസന്ധി മറികടക്കാന്‍ 1.5 ലക്ഷംകോടിരൂപയുടെ നോട്ടുകള്‍ വേണം. അതായത് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നതുപോലെ 75,000 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിച്ചാല്‍ തീരുന്നതല്ല പ്രശ്‌നമെന്നും ജെയിംസ് വില്‍സണ്‍ പറയുന്നു.