കണ്ണൂര്‍ കണ്ണങ്കൈ പ്രദേശത്തെ റബര്‍ തോട്ടത്തിലെ ‘നിധിശേഖരം’ കെട്ടുകഥ മാത്രമാണെന്ന് റവന്യൂ അധികൃതര്‍

single-img
22 April 2018

കണ്ണൂര്‍ അരവഞ്ചാല്‍ കണ്ണങ്കൈ പ്രദേശത്തെ റബര്‍ തോട്ടത്തില്‍ ‘നിധിശേഖരം’ ഉണ്ടെന്നത് കെട്ടുകഥ മാത്രമാണെന്ന് റവന്യൂ അധികൃതര്‍. കണ്ണങ്കൈ കോളനി റോഡിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നിധിയുണ്ടെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് റവന്യൂ അധികൃതര്‍ പരിശോധന നടത്തിയത്. മുനിയറകള്‍ പോലെ ചിലതു മാത്രമേ ഈ പറമ്പിലുള്ളൂ. ഇതില്‍ നിധിയൊന്നും ഒളിപ്പിച്ചിട്ടില്ലെന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞു.

സ്ഥലമുടമയായ ഏഴിലോട് സ്വദേശിയുടെ സഹോദരന്റെ സാന്നിധ്യത്തിലാണു വില്ലേജ് അധികൃതര്‍ പരിശോധന നടത്തിയത്. കണ്ണങ്കൈ കോളനി റോഡിനോടു ചേര്‍ന്ന റബര്‍ തോട്ടത്തിലെ മുനിയറക്കുള്ളില്‍ നിധിയുണ്ടെന്ന പ്രചരണം ശക്തമായതോടെ ഈ പ്രദേശത്തു സന്ദര്‍ശകരായും നിധിവേട്ടക്കാരായും ഒട്ടേറെ പേര്‍ എത്തുന്നുണ്ട്.

ഏഴിലോട് സ്വദേശി ഏതാനും വര്‍ഷം മുമ്പു വിലയ്ക്കു വാങ്ങിയ സ്ഥലത്താണു നിധിയുണ്ടെന്നു കഥ പ്രചരിച്ചത്. അടുത്തിടെ ഇവിടെ ഒരു പ്രത്യേകഭാഗം മറച്ചുകെട്ടിയിരുന്നതായി പറയപ്പെടുന്നു. അതു നിധിയെടുക്കാനുള്ള പൂജയ്ക്കു വേണ്ടിയാണെന്ന പ്രചാരണവും ശക്തമായിരുന്നു.

ഫെസ്ബുക്കിലെ വ്യാജ അക്കൗണ്ട് മുഖേന ഏതാനും വ്യക്തികളുടെ പേരുള്‍പ്പെടെ പരാമര്‍ശിച്ചായിരുന്നു പ്രചാരണം. വിവാദമായതോടെ മറ കെട്ടിയതൊക്കെ നീക്കം ചെയ്‌തെങ്കിലും രാത്രികാലങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ പ്രദേശം കിളച്ചുമറിക്കാന്‍ ശ്രമമുണ്ടായി. യാഥാര്‍ഥ്യം പുറത്തു കൊണ്ടുവരാന്‍ പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടു പുരോഗമന ചിന്താഗതിക്കാര്‍ രംഗത്തു വന്നിരുന്നു. അതിനെത്തുടര്‍ന്നാണു പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫിസറും പരിശോധനയ്‌ക്കെത്തിയത്.