മാധ്യമങ്ങള്‍ക്ക് മസാല നല്‍കുന്നത് നിര്‍ത്തൂ: നേതാക്കള്‍ക്ക് മോദിയുടെ മുന്നറിയിപ്പ്

single-img
22 April 2018

ന്യൂഡല്‍ഹി: സുപ്രധാന വിഷയങ്ങളില്‍ വാതോരാതെ പ്രസംഗിക്കുന്നവര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പാര്‍ട്ടിയേയും സര്‍ക്കാരിനേയും സംബന്ധിക്കുന്ന വിഷയങ്ങളില്‍ നേതാക്കള്‍ വിടുവായത്തം വിളമ്പരുതെന്നും അഭിപ്രായങ്ങള്‍ പറയാന്‍ വക്താക്കളെ അനുവദിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. നരേന്ദ്ര മോദി ആപ്പ് വഴി പാര്‍ട്ടി അംഗങ്ങളെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.

പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള വലിയ സാമൂഹ്യ ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുകയും മാധ്യമങ്ങള്‍ക്കാവശ്യമായ മസാലകള്‍ നല്‍കുകയുമാണ് പലരും ചെയ്യുന്നത്. കാമറ മുന്നില്‍ കാണുന്ന നിമിഷം പലരും പാതിവെന്ത കാര്യങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങും. ഇത് നേതാക്കളുടെ പ്രതിച്ഛായ മാത്രമല്ല, പാര്‍ട്ടിയുടെ പ്രതിച്ഛായയും നശിപ്പിക്കും, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി പുറത്തുവരികയും ഇതിനോടുള്ള നേതാക്കളുടെ പ്രതികരണങ്ങള്‍ വിവാദമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ പരാമര്‍ശം. ബിജെപി നേതാക്കളില്‍ ചിലര്‍ പ്രതികളോട് മൃദുല സമീപനം സ്വീകരിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വലിയ ചര്‍ച്ചയാക്കേണ്ടതില്ലെന്ന മന്ത്രി സന്തോഷ് ഗംഗ്വാറിന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെയാണ് ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ക്കെതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനം.