ലിഗയുടെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് ആന്‍ഡ്രു ജോര്‍ദ്ദന്‍; സത്യം തെളിയുംവരെ ഇന്ത്യ വിട്ടുപോകില്ലെന്ന് ലിഗയുടെ സഹോദരി എല്‍സ

single-img
22 April 2018

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്ത് കഴിഞ്ഞദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ വിദേശ യുവതി ലിഗയുടേതാണെന്ന് തിരിച്ചറിഞ്ഞു. ലിഗയുടെ സഹോദരി എലിസയാണ് മൃതേദഹം ലിഗയുടേതാണെന്ന് സ്ഥിരീകരിച്ചത്.

ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും സത്യം തെളിയുംവരെ ഇന്ത്യ വിട്ടുപോകില്ലെന്നും എല്‍സ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് എല്‍സ സ്വന്തം നിലക്ക് അന്വേഷണം നടത്തി. നിലവിലെ പോലീസ് അന്വേഷണത്തില്‍ എല്‍സക്ക് വിശ്വാസമില്ല.

അതാണ് സ്വന്തം നിലക്കുള്ള പരിശോധനക്കിറങ്ങിയത്. വാഴമുട്ടത്തെ ആളൊഴിഞ്ഞ കായല്‍പ്രദേശത്ത് ഒരിക്കല്‍ കൂടിയെത്തി. കോവളത്തു നിന്നും വാഴമുട്ടത്തേക്കുള്ള വഴികളിലും പരിശോധിച്ചു. ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന നിലപാടാണ് സഹോദരിക്ക്.

മറ്റൊരാളുടെ സഹായമില്ലാതെ ഒരു വിദേശവനിതക്ക് വാഴമുട്ടത്തേക്ക് എത്താന്‍ കഴിയില്ല എന്ന് ലിഗയും പോലീസും ഉറച്ചുവിശ്വസിക്കുന്നു. അന്വേഷണത്തില്‍ എന്തുകൊണ്ടാണ് എല്‍സ അവിശ്വാസം പ്രകടിപ്പിക്കുന്നത് എന്നറിയില്ലെന്നാണ് പോലീസ് നിലപാട്.

മൃതദേഹത്തില്‍ നിന്നും കിട്ടിയ ജാക്കറ്റും ചെരിപ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടും ലിഗയുടേതല്ലെന്ന് എല്‍സ സ്ഥിരീകരിച്ചിരുന്നു. പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെയെ ഉറപ്പാക്കാനാകൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എഫോറന്‍സിക് റിപ്പോര്‍ട്ടുകളും നാളെ ലഭിക്കും.\

അതിനിടെ ഭാര്യയുടെ തിരോധാനത്തിന്റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദ്ദനും രംഗത്തെത്തി. ഐറിഷ് പത്രമായ സന്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളാ പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

അവളെ തട്ടിക്കൊണ്ടു പോയത് തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിയയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നുമാണ് ആന്‍ഡ്രൂ നടത്തിയ പ്രതികരണം. ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പാണ് ആന്‍ഡ്രൂവിന്റെ പ്രതികരണം.

ലീഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ മാനസികരോഗിയാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണ് ചെയ്തത്. ലീഗയെ കാണാതായ സ്ഥലത്തിനു അടുത്താണ് പൊലീസ് സ്റ്റേഷനെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസ് നടത്തിയില്ലെന്നും ആന്‍ഡ്രൂസ് വിദേശ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.

കേരളത്തിലെ ഒരു ഹോട്ടലില്‍ ലിഗ താമസിക്കുന്നാണ്ടാകാം എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ അവിടുത്തെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുക പോലും ചെയ്തു. പിന്നീട് പൊലീസ് എത്തി തന്നെ രോഗിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിഗയുടെ കാര്യം പൊലീസിനെ ഭയന്നോ ടൂറിസത്തെ ബാധിക്കുമെന്നോ ഭയന്ന് മാധ്യമങ്ങള്‍ പോലും വേണ്ടവിദത്തില്‍ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ മാസം 14 നാണ് പോത്തന്‍കോട്ട് ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയ ലീഗയെ കാണാതാകുന്നത്. ഭര്‍ത്താവിനും സഹോദരിക്കുമൊപ്പമായിരുന്നു ലീഗ ഇന്ത്യയിലെത്തിയത്. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാകുന്നത്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളെല്ലാം മുറിയില്‍ വച്ചശേഷമാണ് ലീഗ പോയത്. ലിത്വാനിയന്‍ സ്വദേശിയായ ലിഗയ്ക്ക് അയര്‍ലന്‍ഡ് പൗരത്വമാണ് ഇപ്പോഴുള്ളത്. കോവളത്തേക്ക് ഓട്ടോറിക്ഷയിലായിരുന്നു പുറപ്പെട്ടത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ലീഗ.