സംഘപരിവാര്‍ അനുകൂല മാധ്യമങ്ങളുടെ വാര്‍ത്ത തള്ളി ജമ്മു പോലീസ്: ‘കത്വവ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു’

single-img
22 April 2018

ശ്രീനഗര്‍: കത്വവയില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി. കത്വയില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ടത് പീഡനത്തെ തുടര്‍ന്നല്ലെന്നും ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ളവരെ കുടുക്കുകയാണെന്നും ആരോപിക്കുന്ന വാര്‍ത്തകള്‍ ചില മാധ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് പൊലീസ് പീഡനക്കാര്യം ആവര്‍ത്തിച്ച് സ്ഥിരീകരിച്ചത്. ഇത്തരം പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും കേസ് അന്വേഷിക്കുന്ന ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വ്യക്തമാക്കി.

സംഘപരിവാര്‍ ബന്ധമുള്ളവരടക്കം പ്രതിപ്പട്ടികയില്‍ വന്നതിനെ തുടര്‍ന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രതിരോധത്തിലായിരുന്നു. ഇതിനിടെ കുട്ടിയുടെ മരണത്തില്‍ ഇപ്പോള്‍ അറസ്റ്റിലായവരെ ക്രൈംബ്രാഞ്ച് സംഘം കുടുക്കുകയായിരുന്നുവെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഏക്താ മഞ്ച് സംസ്ഥാനത്ത് വന്‍ പ്രക്ഷോഭമാണ് നടത്തിയത്.

ഇതിന് പിന്നാലെയാണ് കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന പ്രചാരണം മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതേതുടര്‍ന്നാണ് പൊലീസ് വിശദീകരണവുമായി എത്തിയത്. മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ വിശകലനം വെച്ചാണു കുറ്റപത്രത്തില്‍ മാനഭംഗക്കേസ് കൂടി ചേര്‍ത്തതെന്നും ജമ്മു പോലീസിന്റെ ക്രൈംബ്രാഞ്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.