തിരുവനന്തപുരത്ത് ശക്തമായ കടലാക്രമണം: നിരവധി വീടുകള്‍ തകര്‍ന്നു

single-img
22 April 2018

തിരുവനന്തപുരം: തലസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണം. വലിയതുറ, ശംഖുമുഖം തീരത്താണ് പ്രക്ഷുബ്ധമായ കടല്‍ തീരത്തേക്ക് അടിച്ചു കയറുന്നത്. പത്തിലധികം വീടുകള്‍ ഇതിനോടകം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ കടലാക്രമണം തുടരുന്നതിനാല്‍ കൂടുതല്‍ വീടുകള്‍ തകരുമോ എന്ന ആശങ്കയിലാണ് തീരദേശത്തെ ജനങ്ങള്‍.

മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പടിഞ്ഞാറന്‍ തീരത്തും തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തും ലക്ഷദ്വീപിലും വ്യാപകമായി കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിന് തുടര്‍ച്ചയായുള്ള കടല്‍ ക്ഷോഭമാണ് തിരുവനന്തപുരത്തുണ്ടായതെന്നാണ് കരുതുന്നത്. തീരപ്രദേശത്തുള്ളവരും മീന്‍ പിടിത്തക്കാരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.