ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം; പതിനേഴുകാരന്‍ രണ്ട് മാസം പ്രായമായ കുഞ്ഞിനെ അടിച്ചു കൊന്നു

single-img
22 April 2018

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമായ കുഞ്ഞിനെ 17കാരനായ അച്ഛന്‍ അടിച്ചുകൊന്നു. കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച്ച വൈകിട്ട് ഡല്‍ഹിയിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്തയാളാണ് കുഞ്ഞിന്റെ അമ്മയും.

ഇവരുടെ വിവാഹത്തിനും രേഖകളില്ല. ഇവര്‍ ഒരുമിച്ച് ഡല്‍ഹിയില്‍ ഒരു ടെന്റുകെട്ടി താമസിക്കുകയായിരുന്നു. കൗമാരക്കാരിയായ കുഞ്ഞിന്റെ അമ്മ ജോലി തേടി പോയ സമയത്തായിരുന്നു സംഭവം. വീട്ടില്‍ തിരിച്ചെത്തിയ യുവതി കുഞ്ഞിന് അനക്കമില്ലാതിരിക്കുന്നത് കണ്ട് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടര്‍ച്ചയായി മര്‍ദ്ദിച്ചാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതക കുറ്റത്തിന് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ജൂണിലാണ് ഇരുവരും വിവാഹിതരായതെന്നും എന്നാല്‍, കുഞ്ഞിന് ഇപ്പോള്‍ രണ്ടുമാസമായെന്നും അതിനാല്‍ തന്നെ കുഞ്ഞ് തന്റേതല്ലെന്നും ഇയാള്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ മൊബൈല്‍ ഫോണ്‍ മോഷണത്തിനുള്‍പ്പടെ കേസ് നിലവിലുണ്ട്.