ദുബായില്‍ നിന്ന് ഡീസല്‍ കള്ളക്കടത്ത്: ചെന്നൈയില്‍ 5 പേര്‍ പിടിയില്‍

single-img
22 April 2018

ദുബായില്‍നിന്നു വ്യാജ കമ്പനികളുടെ മേല്‍വിലാസത്തില്‍ വന്‍തോതില്‍ ഡീസല്‍ എത്തിച്ചുവില്‍ക്കുന്ന രാജ്യാന്തര കള്ളക്കടത്തു സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. കണ്ടെയ്‌നറുകളില്‍ ചെന്നൈ തുറമുഖത്ത് എത്തിച്ച 263.78 മെട്രിക് ടണ്‍ (മൂന്നുലക്ഷം ലീറ്റര്‍) ഡീസലും പിടിച്ചെടുത്തു.

പ്രധാന പ്രതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായതായാണു വിവരം. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദുബായില്‍ വ്യാജ കമ്പനികള്‍ സ്ഥാപിച്ച് അവയുടെ പേരിലാണു ഡീസല്‍ വാങ്ങിയിരുന്നത്. മിനറല്‍ സ്പിരിറ്റ് എന്ന വ്യാജേന ഇതുവരെ 5366 മെട്രിക് ടണ്‍ (63 ലക്ഷം ലീറ്റര്‍) ഡീസല്‍ ചെന്നൈയിലെത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിനു 17 കോടി രൂപയിലേറെ രൂപ വിലവരും. കസ്റ്റംസ് തീരുവ വെട്ടിക്കാന്‍ ഇറക്കുമതി ചരക്കിന്റെ വില കുറച്ചു കാണിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഹവാല ഇടപാടുകളിലൂടെയാണു പണം കൈമാറിയിരുന്നത്. യാഥാര്‍ത്ഥ വിലയേക്കാന്‍ 40 ശതമാനം കുറച്ച് മാത്രമാണ് ഇറക്കുമതി രേഖകളില്‍ കാണിച്ചിട്ടുള്ളത്.

ഇത് കാരണം എക്‌സൈസ് ഡ്യൂട്ടിയിലും വെട്ടിപ്പ് നടത്തി. കാക്കിനടി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. സംഘത്തിന്റെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ചെന്നൈയിലെ മരൈമല നഗറില്‍ സംഭരണ കേന്ദ്രവും ഗുയിണ്ടിയില്‍ വിതരണ കേന്ദ്രവും സ്ഥാപിച്ചായിരുന്നു മറ്റ് പ്രവര്‍ത്തനങ്ങള്‍.