‘ഒന്നോ രണ്ടോ ബലാത്സംഗ കേസുകളൊന്നും വലിയ പ്രശ്‌നമാക്കേണ്ടതില്ല’; മോദി സര്‍ക്കാരിനെ വീണ്ടും പ്രതിസന്ധിയിലാക്കി കേന്ദ്രമന്ത്രിയുടെ പ്രസ്താവന

single-img
22 April 2018

ന്യൂഡല്‍ഹി: ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലെ വലിയ രാജ്യത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കത് തടയാനാവില്ല. എല്ലായിടത്തും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.

അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യയെ പോലുള്ള വലിയ രാജ്യത്തെ പ്രശ്‌നമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്.

12 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കേന്ദ്ര മന്ത്രിസഭയുടെ ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശമുണ്ടായിരിക്കുന്നത്.