പറന്നുകൊണ്ടിരിക്കെ എയര്‍ഇന്ത്യ വിമാനം ശക്തമായി കുലുങ്ങി: മൂന്ന് പേര്‍ക്ക് പരിക്ക്

single-img
22 April 2018

ന്യൂഡല്‍ഹി: പറന്നുകൊണ്ടിരിക്കെ ശക്തമായ കുലുക്കത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനത്തിലെ മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. അമൃത്‌സറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തില്‍ ആയിരുന്നു സംഭവം നടന്നത്. 32,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ ഏതാണ്ട് 15 മിനിട്ടോളം വിമാനത്തില്‍ ശക്തമായ കുലുക്കം അനുഭവപ്പെടുകയായിരുന്നു.

സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ ഇരുന്ന യാത്രക്കാരിലൊരാള്‍ സീറ്റില്‍ നിന്ന് ഉയര്‍ന്ന് തല മുകളിലെ പാനലില്‍ ചെന്ന് ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തിന് സാരമായ പരിക്കുപറ്റി. വിമാനത്തിനുള്ളിലെ വിന്‍ഡോ പാനലിന്റെ ഒരു ഭാഗവും ഇളകിവീണു.

വിമാനം കുലുങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. ശ്വാസതടസം അനുഭവപ്പെട്ട യാത്രക്കാരില്‍ ചിലര്‍ക്ക് ഓക്‌സിജന്‍ മാസ്‌ക് ധരിക്കേണ്ടിയും വന്നു. വിമാനം ഡല്‍ഹിയില്‍ ഇറക്കിയയുടന്‍ യാത്രക്കാര്‍ക്ക് അടിയന്തര ചികിത്സ നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്ക് പറ്റിയ യാത്രക്കാരന് തലയില്‍ തുന്നലിടേണ്ടിവന്നു.

സാധാരണ ഇങ്ങനെ സംഭവിക്കുന്നത് വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ഗട്ടര്‍) വീഴുമ്പോഴാണ്. സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം തുടങ്ങി. ഇതേക്കുറിച്ച് എയര്‍ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014ല്‍ സിംഗപ്പൂരില്‍ വന്ന വിമാനം മുംബയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കുലുക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 22 പേര്‍ക്ക് പരിക്കേറ്റിരുന്നു.