നിങ്ങളുടെ ബന്ധുക്കളാരെങ്കിലും പീഡനത്തിനിരയായിട്ടുണ്ടോ?;ബിജെപി എംഎല്‍എ പ്രതി ചേര്‍ക്കപ്പെട്ട ഉന്നാവോ കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകനോട് സുപ്രീം കോടതി

single-img
21 April 2018


ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്ന ഉന്നാവോ കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകന്റെ നടപടിയെ വിമര്‍ശിച്ച്‌ സുപ്രീം കോടതി. നിങ്ങളുടെ ബന്ധുക്കളിലാരെങ്കിലും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോ എന്ന് ചോദിച്ച കോടതി ക്രിമിനല്‍ കേസുകളില്‍ എങ്ങനെയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കാനാവുകയെന്നും അഭിഭാഷകനായ എംഎല്‍ ശര്‍മ്മയോട് പറഞ്ഞു.

മന്ത്രിമാരും എംഎല്‍എമാരുമുള്‍പ്പെട്ട കേസുകളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നതാണ് ശര്‍മയുടെ ആരോപണം.അധികാരമുള്ളവരുടെ പേരില്‍ നടപടിയെടുക്കുന്നില്ലെന്ന് പറഞ്ഞപ്പോഴാണ് നിങ്ങളുടെ ആരെങ്കിലും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് ജസ്റ്റിസ് ബോബ്‌ഡെ ചോദിച്ചത്.

ഈ കേസില്‍ ശര്‍മയ്ക്ക് കാര്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളി. ജഡ്ജിമാരായ എസ്‌എ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഉന്നാവോ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി കേള്‍ക്കാമെന്ന് ഏപ്രില്‍ 11ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.