ഷംനയെ കാണാതായതിനു പിന്നാലെ കിഡ്‌നിയെടുക്കാന്‍ ഒളിപ്പിച്ചെന്ന് ആരോപിച്ച് ആശുപത്രിയില്‍ അതിക്രമം:കണ്ടാലറിയാവുന്ന 35 ഓളം പേര്‍ക്കെതിരെ പരാതി.

single-img
21 April 2018

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സക്കെത്തി പിന്നീട് കടന്നുകളഞ്ഞ ഷംനയുടെ ബന്ധുക്കള്‍ക്കെതിരേ ആശുപത്രി അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി.

ഷംനയെ കാണാതായതിനെ തുടര്‍ന്ന് രണ്ട് രാത്രിയും മൂന്ന് പകലും ഷംനയുടെ ബന്ധുക്കള്‍ ഒ.പി കെട്ടിടത്തിന് ഉള്ളില്‍ തങ്ങി സ്റ്റാഫിനോടും ആശുപത്രിയില്‍ എത്തിയവരോടും അപമര്യാദയായി പെരുമാറി, കൂടാതെ മൊബൈല്‍ ചാര്‍ജ് ചെയ്യാനായി കമ്പ്യൂട്ടര്‍ കണക്‌ട് ചെയ്യുന്ന പ്ലഗ് പോയിന്റ് നശിപ്പിച്ചു. രണ്ട് വാതിലുകള്‍ ചവിട്ടി പൊളിച്ചു. കാന്റീനില്‍ കയറി 2000 രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു.

ഇവര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാത്തത് കാരണം ഒ.പിയുടെ വാതിലുകളും ഗേറ്റും പൂട്ടാന്‍ കഴിഞ്ഞില്ലെന്നും ഏകദേശം 20ഓളം പുരുഷന്‍മാരും 15 ഓളം സ്ത്രീകളുമാണ് ഉണ്ടായിരുന്നതെന്നും ആര്‍.എം.ഒ ഡോ. പി.ജി ഹരിപ്രസാദ് അറിയിച്ചു. കിഡ്‌നിയെടുക്കാന്‍ ഒളിപ്പിച്ചെന്ന പ്രചാരണങ്ങളും നടത്തിയതായി പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയ ഷംന ഗര്‍ഭിണിയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ചയാണ് എസ്.എ.ടിയില്‍ ഗര്‍ഭിണിയെന്ന വ്യാജേന ചികിത്സക്കെത്തിയ ഷംന കടന്നു കളഞ്ഞത്.