പാര്‍ട്ടി ഒറ്റക്കെട്ട്:പാര്‍ട്ടി കോണ്‍ഗ്രസില്‍ ആര്‍ക്കും ജയമോ തോല്‍വിയോ ഉണ്ടായിട്ടില്ലെന്ന് യെച്ചൂരി

single-img
21 April 2018


ഹൈദരാബാദ്​: രാഷ്​ട്രീയപ്രമേയത്തിലെ ഭേദഗതി ഏതെങ്കിലും ഒരു വിഭാഗത്തി​​​ന്റെ വിജയമോ പരാജയമോ അല്ലെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി ഒറ്റ​ക്കെട്ടാണെന്നും പ്രശ്​നങ്ങളില്ലെന്നും യെച്ചൂരി വ്യക്​തമാക്കി. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരട്​ രാഷ്ട്രീയ ​പ്രമേയത്തില്‍ കോണ്‍ഗ്രസുമായി​ യാതൊരു ബന്ധവും വേണ്ടെന്ന ഭാഗം ഒഴിവാക്കിയിരുന്നു. കാരാട്ട്​ പക്ഷത്തി​​​ന്റെ എതിര്‍പ്പ്​ മറികടന്നായിരുന്നു തീരുമാനം.

സിപിഐഎം രാഷ്ട്രീയപ്രമേയത്തിലെ തര്‍ക്കഭാഗം ഒഴിവാക്കിയതോടെ തീരുന്നത് രണ്ട് രാഷ്ട്രീയ ലൈനുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്. കോണ്‍ഗ്രസുമായി ഒരുധാരണയും പാടില്ലെന്ന ഭാഗം ഒഴിവാക്കുന്നതോടെ സീതാറാം യെച്ചൂരിയുടെ പാര്‍ട്ടിക്കകത്തെ പോരാട്ടത്തിന് വിജയസമാപ്തിയായിരുന്നു. ഒരു ധാരണയും പാടില്ലെന്നായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. കേരള ഘടകത്തിന്റെ പിടിവാശിയും ഇതായിരുന്നു. രാഷ്ട്രീയ പ്രമേയത്തില്‍ 16 സംസ്ഥാനങ്ങള്‍ രഹസ്യവോട്ട് ആവശ്യപ്പെട്ടതാണ് മുഖ്യമായും കാരാട്ട് പക്ഷത്തിന് തിരിച്ചടിയായത്.

അതേ സമയം, സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ച ഇന്ന്​ ആരംഭിക്കും. പാര്‍ട്ടി സെന്ററില്‍ നിന്ന്​ വിവരങ്ങള്‍ ചോരുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ്​ ചര്‍ച്ചയില്‍ വരിക. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത്​ സീതാറം യെച്ചൂരി തന്നെ തുടരാനാണ്​ സാധ്യത.