വാട്സ്‌ആപ്പ് ഹര്‍ത്താല്‍:സാമൂഹിക മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിനു പിടിയിലായ അഞ്ചു പേര്‍ ആര്‍.എസ്.എസുകാരെന്ന്

single-img
21 April 2018

 


തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തിലെ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍.തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ചു പേരെയാണ് മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മലപ്പുറം എസ്.പി ദേബേഷ് കുമാര്‍ ബെഹ്റയും പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി മോഹനചന്ദ്രനും അടങ്ങിയ സംഘം രണ്ടു ലക്ഷം വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 20നും 25നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കസ്റ്റഡിയിലുള്ളത്.കസ്റ്റഡിയിലുള്ളവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു.

‘വോയ്സ് ഓഫ് ട്രൂത്ത്’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മലപ്പുറം കൂട്ടായി സ്വദേശിയായ 15കാരനും വോയ്സ് ഓഫ് ട്രൂത്ത് എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താമസിയാതെ ഇയാളും പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
ഹര്‍ത്താലില്‍ ജില്ലയിലെ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ വന്‍ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.ഹര്‍ത്താലിനെക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.