ഇന്ത്യയില്‍ മോഡി’മൗനി ബാബ’; വിദേശത്ത് ചെന്നാലേ ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങള്‍ സംസാരിക്കൂ:രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റാമെന്ന് ശിവസേന

single-img
21 April 2018

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കറ്റ് പരിഹസിച്ച്‌ ശിവസേനയുടെ മുഖപത്രം. പ്രധാനമന്ത്രി മോദി മൗനി ബാബയാണെന്നും രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റണമെന്നും സാമനയിലെ മുഖപ്രസംഗത്തില്‍ പറയുന്നു.

വിദേശത്ത് ചെന്നാലേ മോഡി ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങള്‍ സംസാരിക്കൂവെന്നും കളിയാക്കി. രാജ്യ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേയ്‌ക്കോ ന്യൂയോര്‍ക്കിലേയ്‌ക്കോ ടോക്കിയോയിലേയ്‌ക്കോ പാരീസിലേയ്‌ക്കോ മാറ്റണമെന്നും ശിവസേന ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയെ വിദേശരാജ്യ നഗരമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഒരു ഫിലിം സെറ്റാക്കി മാറ്റണമെന്നും പാര്‍ട്ടി പറഞ്ഞു.കത്വ, ഉന്നാവോ പീഡനങ്ങളെ കുറിച്ച്‌ മോദിയുടെ പ്രതികരണം വന്നത് ലണ്ടനില്‍ വച്ചായിരുന്നു.ലൈംഗീക പീഡനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പറയുന്ന മോഡിക്ക് നിര്‍ഭയ കേസില്‍ അഭിപ്രായം മറിച്ചാണെന്നും ശിവസേന പരിഹസിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് മോഡിക്ക് നല്‍കിയ ഉപദേശം രാജ്യത്തിന്റെ മനസാണെന്നും ശിവസേന പറഞ്ഞു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൂടുതല്‍ സംസാരിക്കാന്‍ തന്നോട് ആവശ്യപ്പെട്ട മോഡിയോട് കൂടുതല്‍ സംസാരിക്കാന്‍ മന്‍ മോഹന്‍ സിംഗും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.