ഇനി അമ്മ വേഴാമ്പല്‍ തനിച്ച്… കുഞ്ഞുവേഴാമ്പല്‍ മരണത്തിന് കീഴടങ്ങി

single-img
21 April 2018

വണ്ടിയിടിച്ച് മരിച്ച ആണ്‍വേഴാമ്പലിന് പിന്നാലെ കുഞ്ഞു വേഴാമ്പലും മരണത്തിന് കീഴടങ്ങി. വെള്ളിയാഴ്ച രാവിലെ തീറ്റകൊടുക്കാനായി മരത്തിൽ കയറിയപ്പോഴാണ് വേഴാമ്പൽകുഞ്ഞ് ചത്തതായി കണ്ടെത്തിയത്.

അച്ഛന്‍ കിളിയുടെ മരണശേഷം കുട്ടിയെ പരിപാലിച്ചിരുന്ന അമ്മക്കിളി കൂടുവിട്ടു പോയതിന് ശേഷം പരിസ്ഥിതി സംരക്ഷകരാണ് കുഞ്ഞിനെ പരിപാലിച്ചിരുന്നത്.

രണ്ടാഴ്ച മുമ്പായിരുന്നു റോഡരികില്‍ വണ്ടിയിടിച്ച് ചത്തനിലയില്‍ ആണ്‍ വേഴാമ്പലിനെ കണ്ടെത്തിയത്. ഈ സമയം അതിന്റെ ചുണ്ടില്‍ തീറ്റയും ഉണ്ടായിരുന്നു. മുട്ടയിടാന്‍ തുടങ്ങുമ്പോള്‍ മുതല്‍ കൂടിന് പുറത്തിറങ്ങാത്ത പെണ്‍ വേഴാമ്പലിന് തീറ്റ കൊണ്ട് കൊടുക്കുന്നതിനിടയിലാണ് ആണ്‍വേഴാമ്പലിന് അപകടം പറ്റിയത്. തീറ്റ തേടാനാവാതെ കൂട്ടില്‍ കഴിയുന്ന പെണ്‍വേഴാമ്പലിനേയും കുഞ്ഞിനേയും സംരക്ഷിക്കാനായി പരിസ്ഥിതി സ്നേഹികളെത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ ബൈജുവും വനംവകുപ്പു ജീവനക്കാരും നടത്തിയ തിരച്ചിലില്‍ വേഴാമ്പിലിന്റെ കൂടു കണ്ടെത്താനായി. അന്നു മുതല്‍ മരത്തില്‍ ഏണി വച്ചു അമ്മ വേഴാമ്പിലിന് ഇവര്‍ കായ്കനികള്‍ എത്തിച്ചു കൊടുത്തിരുന്നു. പിന്നീട് കുഞ്ഞിനും.

വനപാലകര്‍ നല്‍കിരുന്ന കായ്കള്‍ പുറത്തേയ്ക്കു കൊക്കുനീട്ടി പെണ്‍വേഴാമ്പല്‍ ഭക്ഷിച്ചിരുന്നു. മൂന്നു ദിവസം മുന്‍പ് അമ്മ വേഴാമ്പല്‍ കൂടുവിട്ട പോയി. പിന്നാലെ പുറത്തേയ്ക്കു ചുണ്ടു നീട്ടി കുഞ്ഞു വേഴാമ്പലും കായ്കനികള്‍ തിന്നു തുടങ്ങിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

കുഞ്ഞു ചത്തു എങ്കിലും അമ്മ വേഴാമ്പലിനെയെങ്കിലും തീറ്റനല്‍കി രക്ഷപെടുത്താനായതിന്റെ സംതൃപ്തിയിലാണു പരിസ്ഥിതി സ്‌നേഹികളും വനംവകുപ്പും ജീവനക്കാരും.