വാട്സ്‌ആപ്പ് ഹര്‍ത്താല്‍:ആഹ്വാനം ചെയ്തത് “വോയ്സ് ഓഫ് യൂത്ത്”;ഗ്രൂപ്പിന്റെ അഡ്മിന്‍ 15-കാരന്‍

single-img
21 April 2018

മലപ്പുറം: ജമ്മു കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെന്ന പേരില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത വ്യക്തിയേയും വാട്സ് ആപ് ഗ്രൂപ്പിനേയും പോലീസ് തിരിച്ചറിഞ്ഞു. വോയ്സ് ഓഫ് യൂത്ത് എന്ന വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് മലപ്പുറത്ത് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്.

ഹര്‍ത്താലിനും കലാപത്തിനും ആഹ്വാനം ചെയ്ത വാട്സ്‌ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ 15 വയസുകാരനാണ്. മലപ്പുറം കൂട്ടായി സ്വദേശിയായ പത്താം ക്ലാസുകാരനാണ് ഇയാള്‍.

അതേസമയം പതിനഞ്ചുകാരന്‍റെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇത് കൂടാതെ മറ്റ് പല വാട്സ് ആപ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരും പോലീസ് നിരീക്ഷണത്തിലാണ്. കോഴിക്കോടും നിരവധി പേരുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പോലീസ് ചോദ്യം ചെയ്ത് വരികയാണ്.കുട്ടിയെ അഡ്മിനാക്കി മാറ്റി യഥാർഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രാജ്യത്താകെ അംഗങ്ങളുളള ‘വോയ്സ് ഓഫ് യൂത്ത്’ എന്ന പേരിലുള്ള നാലു വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഹർത്താൽ ആഹ്വാനമാണു കുഴപ്പങ്ങൾ സൃഷ്ടിച്ചതെന്നു പൊലീസ് പറയുന്നു.സംസ്ഥാനത്താകെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കും വിധം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സന്ദേശം തയാറാക്കിയവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. തിരുവനന്തപുരം, കിളിമാനൂര്‍ സ്വദേശികളായ അഞ്ചു പേരാണ് മഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലുളളത്. ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ ആദ്യ വാട്സാപ് സന്ദേശം കിളിമാനൂര്‍ സ്വദേശിയാണ് പോസ്റ്റു ചെയ്തതെന്ന സംശയത്തിലാണ് ചോദ്യം ചെയ്യല്‍.

ഹര്‍ത്താലില്‍ ജില്ലയിലെ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ വന്‍ ആക്രമണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.ഹര്‍ത്താലിനെക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.