നാണക്കേട് ഓര്‍ത്ത് ആശുപത്രിയില്‍ നിന്ന് പോയി;ഷംന ഗര്‍ഭിണിയല്ലെന്ന് പൊലീസ്

single-img
20 April 2018


തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍നിന്നു കാണാതായ കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന(22) ഗര്‍ഭിണിയല്ലെന്നു പോലീസ്. കൊല്ലം കരുനാഗപള്ളിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അന്വേഷണം അന്യസംസ്ഥാനത്തേക്കടക്കം വ്യാപിപ്പിച്ചിരുന്നു.
ഗര്‍ഭിണിയല്ലെന്നു വീട്ടുകാര്‍ അറിയുന്നതുമൂലമുണ്ടാകുന്ന നാണക്കേടു ഭയന്നു യുവതി നാടുവിടുകയായിരുന്നുവെന്നാണു നിഗമനം. ഇന്നലെ ഉച്ചകഴിഞ്ഞു കരുനാഗപ്പള്ളി നഗരത്തില്‍നിന്നാണ് അവശയായി അലഞ്ഞുതിരിയുകയായിരുന്ന ഷംനയെ കണ്ടെത്തിയത്. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ വിവരമനുസരിച്ചു പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.

പ്രസവം നടന്ന ശേഷമാണോ ഷംന കരുനാഗപ്പള്ളിയിലെത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വെളിപ്പെടുത്തും.

ഷംനയുടെ ആറാഴ്ച പ്രായമുള്ള ഗര്‍ഭം നേരത്തെ അലസിപ്പോയിരുന്നു. എന്നാല്‍, ഭര്‍ത്തൃവീട്ടുകാരെയും മറ്റും ഗര്‍ഭിണിയാണെന്നാണ് ധരിപ്പിച്ചിരുന്നത്. അതിനിടെയാണ് ഭര്‍ത്താവ് കടയ്ക്കല്‍ കൊല്ലായില്‍ മുനിയിരുന്നകാല തടത്തുവിള വീട്ടില്‍ അന്‍ഷാദിനും ബന്ധുക്കള്‍ക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30-നു പ്രസവചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയിലെത്തിയത്.