ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സെന്‍ഗാറിന്റെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു

single-img
20 April 2018

ലക്‌നൗ: ഉന്നാവോ പീഡനക്കേസ് പ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ വൈ കാറ്റഗറി സുരക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഉന്നാവോ കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനാലാണ് സര്‍ക്കാരിന്റെ തീരുമാനം. സെന്‍ഗാറിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തി 7 ദിവസത്തിന് ശേഷമാണ് യുപി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന ഇത്തരമൊരു നടപടി വരുന്നത്.

ബന്‍ഗാര്‍മോയില്‍ നിന്നുള്ള എംഎല്‍എയായ കുല്‍ദീപിന് 11 സുരക്ഷാ ഉദ്യോഗസ്ഥരടങ്ങുന്ന വൈ കാറ്റഗറി സുരക്ഷയാണ് നല്‍കിയിരുന്നത്. ഇതില്‍ ഒരു കമാന്‍ഡോയും ഒരു പൊലീസും ഉള്‍പ്പെടും.

ഉന്നാവോയില്‍ 18കാരിയെ പീഡിപ്പിച്ച കേസിലാണ് കുല്‍ദീപിനെ സിബിഐ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തില്‍ മൂന്ന് കേസുകളാണ് സെന്‍ഗറിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 363(തട്ടിക്കൊണ്ടുപോകല്‍), 366(സ്ത്രീയെ കടത്തിക്കൊണ്ടുപോകല്‍) 376(ബലാത്സംഗം) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സെന്‍ഗറിനെതിരെ പൊലീസ് കേസെടുത്തത്. ഇതിന് പുറമെ പോക്‌സോയും ചുമത്തിയിരുന്നു. തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.