വീട്ടില്‍ പുള്ളിമാനെ വളര്‍ത്തിയ വീട്ടമ്മ അറസ്റ്റില്‍;പ്രവാസിയായ ഭര്‍ത്താവിനെതിരേയും കേസ്

single-img
20 April 2018

മലപ്പുറം:പുള്ളിമാനെ അനധികൃതമായി വീട്ടില്‍ വളര്‍ത്തിയെന്ന സംഭവത്തില്‍ വീട്ടമ്മ അറസ്റ്റിലായി. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ സ്വദേശിനി മങ്ങാടന്‍പറമ്പത്ത് മുംതാസിനെയാണ് (40) കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. റെഹീസ് അറസ്റ്റ്‌ചെയ്തത്. വിദേശത്തുള്ള ഇവരുടെ ഭര്‍ത്താവ് ഷംസുദ്ദീന്റെ പേരിലും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.

12 വയസ്സിലധികം പ്രായമുള്ള പെണ്‍മാനിനെ കഴിഞ്ഞ 12 വര്‍ഷമായി ഇവര്‍ വീട്ടിലും എസ്‌റ്റേറ്റുകളിലുമായി വളര്‍ത്തി വരികയായിരുന്നുവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത മാനിനെ കോടനാട്ടെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. കോടതിയില്‍ ഹാജരാക്കിയ മുംതാസിനെ റിമാന്‍ഡ് ചെയ്തു.

രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ വ്യാഴാഴ്‌ച രാവിലെയാണ്‌ മണലായയിലെ ഇവരുടെ വീട്ടില്‍ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയത്‌. വീടിനോട്‌ ചേര്‍ന്ന്‌ നിര്‍മിച്ചിട്ടുള്ള മുറിയിലാണ്‌ പുള്ളിമാന്‍ ഉണ്ടായിരുന്നത്‌.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഈ വിഭാഗത്തില്‍പെട്ട മൃഗങ്ങളെ പിടികൂടുന്നതും സൂക്ഷിക്കുന്നതും മൂന്നുവര്‍ഷം വരെ ജയില്‍ശിക്ഷ കിട്ടാവുന്ന കേസാണ്.

തെരുവുനായ്ക്കളുടെ അക്രമത്തില്‍ അവശനിലയിലായ മാനിനു സംരക്ഷണം കൊടുക്കുക മാത്രമാണു താന്‍ ചെയ്തതെന്നാണ് ഷംസുദ്ദീന്‍ പറയുന്നത്. രണ്ടാഴ്ച മുന്‍പാണു നായ്ക്കള്‍ മാനിനെ തന്റെ വീട്ടിലേക്ക് ഓടിച്ചുകയറ്റിയത്. ആരോഗ്യം വീണ്ടെടുത്ത മാനിനെ പിന്നീടു കാണാതായി. ദിവസങ്ങള്‍ക്കു ശേഷം വീണ്ടും തിരിച്ചെത്തിയതായും അദ്ദേഹം പറയുന്നു.
വന്യമൃഗങ്ങള്‍ വീടുകളിലെത്തിയാല്‍ ഉടനെ വനം വകുപ്പിനെ അറിയിക്കമെന്ന്‌ അറിയില്ലായിരുന്നുവെന്നും ഷംസുപറഞ്ഞു. വനം വകുപ്പ്‌ അധികൃതര്‍ മാനിനെ കസ്‌റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയപ്പോഴാണ്‌ സംഭവത്തിന്റെ ഗൗരവം മനസ്സിലാവുന്നതെന്നും ഷംസു പറയുന്നു.