രാജ്യത്ത്​ പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്​ ;അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയരത്തില്‍

single-img
20 April 2018

രാജ്യത്ത്​ പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക്​ കുതിക്കുന്നു. മുംബൈയില്‍ പെട്രോള്‍ വില 82 രൂപയിലെത്തി.തിരുവനന്തപുരത്ത് 78.07 രൂപയാണു പെട്രോള്‍ വില.സെപ്​തംബര്‍ 2013ന്​ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്​.

ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത്​ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്ബനികള്‍ 15 വര്‍ഷമായി നില നിന്നിരുന്ന രീതിമാറ്റി ദൈനംദിനം വില പുതുക്കാന്‍ ആരംഭിച്ചിരുന്നു. ഇതിന്​ ശേഷമാണ്​ ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്​. ഇതിന്​ ശേഷം ജി.എസ്​.ടിയില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കാര്യമായ നീക്കങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ല.

അതേസമയം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 74 ഡോളറിലെത്തി.രാഷ്ട്രീയ-ഭൂമിശാസ്തപരമായ പ്രശ്‌നങ്ങളാണ് തുടര്‍ച്ചയായുള്ള ക്രൂഡ് വിലവര്‍ധനയ്ക്കുപിന്നില്‍.

സൗദി സപ്ലെ കുറച്ചതിനെതുടര്‍ന്നാണ് കഴിഞ്ഞ ദിവസം ക്രൂഡ് വില പെട്ടെന്ന് കുതിക്കാനിടയാക്കിയത്. ഇതോടെയാണ് വില ബാരലിന് 74 ഡോളറിലെത്തിയത്. മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ക്രൂഡ് വിലയിപ്പോള്‍.