വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ പൊലീസിനെ കൂടുതല്‍ കുരുക്കിലാക്കി പ്രതികളും ബന്ധുക്കളും

single-img
19 April 2018

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തങ്ങളെ ബലിയാടാക്കുന്നുവെന്നും വ്യക്തമായ ഗൂഢാലോചന നടക്കുന്നുവെന്നും അറസ്റ്റിലായ ആര്‍.ടി.എഫ്.ഉദ്യോഗസ്ഥരുടെ നിര്‍ണായക വെളിപ്പെടുത്തല്‍. സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നീ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരാണ് പോലീസിനെതിരെ ഗുരതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

നുണ പരിശോധനയ്ക്ക് ഞങ്ങള്‍ തയ്യാറാണ്. കോടതിയെ മാത്രമെ വിശ്വാസമുള്ളൂ. ഞങ്ങളെ ബലിയാടാക്കി യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങള്‍ക്കും നീതി ലഭിക്കണമെന്നും അറസ്റ്റിലാകുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ ഇവര്‍ പറയുന്നു.

കൈയിലുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ജോലിയോടുള്ള ആത്മാര്‍ഥയുള്ളതിനാലാണ്. മേലുദ്യോഗസ്ഥരില്‍ നിന്ന് ഇതിന് അഭിനന്ദനവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ആര്‍.ടി.എഫുകാര്‍ പറയുന്നു.

ഏഴോളം വീടുകളില്‍ പരിശോധന നടത്തിയതിന് ശേഷമാണ് ശ്രീജിത്തിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത്. ശ്രീജിത്തിന്റെ അമ്മയും ഭാര്യയുമാണ് തങ്ങള്‍ക്കൊപ്പം ശ്രീജിത്തിനെ വിട്ടതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം
ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ പ്രതികളാക്കിയത് ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മേലുദ്യോഗസ്ഥരുടെ നിര്‍ദേശമനുസരിച്ചു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റിവിടുക മാത്രമാണു ചെയ്തത്. മര്‍ദിച്ചിട്ടില്ല. നിരപരാധികളാണെന്നതിനു കൃത്യമായ തെളിവുണ്ടെന്നും നുണപരിശോധന ഉള്‍പ്പെടെ ഏതു ശാസ്ത്രീയ പരിശോധനയ്ക്കും ഒരുക്കമാണെന്നും അറസ്റ്റിലായവര്‍ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.

കസ്റ്റഡിമരണക്കേസില്‍ ഇന്നലെ അറസ്റ്റിലായ ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നീ പൊലീസുകാരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ആലുവ പൊലീസ് ക്ലബില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇവരെ മെഡിക്കല്‍ പരിശോധനയ്ക്കുശേഷമായിരിക്കും കോടതിയിലെത്തിക്കുക.

അതേസമയം ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയ സാഹചര്യം വിലയിരുത്താന്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ശ്രീജിത്തിനേറ്റ മര്‍ദനത്തിന്റെ സ്വഭാവവും മുറിവുകളുടെ തീവ്രതയും സംബന്ധിച്ചാണ് പ്രധാന പരിശോധന. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണസംഘം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക.