ഇന്ത്യ പഴയ ഇന്ത്യയല്ല; അടിക്ക് തിരിച്ചടി നല്‍കാനറിയാം: പാക്കിസ്ഥാന് മോദിയുടെ താക്കീത്

single-img
19 April 2018

പാക്കിസ്ഥാനു താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ തീവ്രവാദം കയറ്റി അയക്കുന്നവരോട് അതേ ഭാഷയില്‍ മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. അടിക്ക് തിരിച്ചടി നല്‍കാന്‍ തനിക്കറിയാം. യുദ്ധം ചെയ്യാന്‍ കഴിവില്ലാത്തവര്‍ പിന്നില്‍ നിന്ന് കുത്താന്‍ ശ്രമിക്കുന്നു.

അത്തരക്കാര്‍ക്കുള്ള മറുപടിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കെന്നും അദ്ദേഹം ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. 2016ല്‍ ഇന്ത്യ നടത്തിയ മിന്നാലാക്രമണം പരസ്യമാക്കുന്നതിന് മുമ്പ് പാകിസ്താനെയാണ് ആദ്യം വിളിച്ചറിയിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനെ വിവരം അറിയിക്കാനായി ഒരു മണിക്കൂറോളം കാത്തിരുന്നു. പാക് സൈന്യത്തെ ഫോണില്‍ വിളിച്ച് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ശേഖരിക്കാന്‍ ആവശ്യപ്പെട്ടു.

മിന്നാലാക്രമണത്തിന് ശേഷം രാവിലെ 11 മണിമുതല്‍ അവരെ ബന്ധപ്പെടാന്‍ ശ്രിമിച്ചിരുന്നെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല. ഫോണില്‍ വരാന്‍ അവര്‍ക്ക് ഭയമായിരുന്നു. ഉച്ചയായപ്പോഴാണ് അവര്‍ ഫോണ്‍ എടുത്തത്. പാകിസ്താന്‍ സൈന്യത്തിനെ വിവരം അറിയിക്കണമെന്ന് ഞാന്‍ നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഞങ്ങള്‍ ഒന്നും ഒളിച്ചുവെച്ചിട്ടില്ല. ഇതിന് ശേഷമാണ് ഇന്ത്യന്‍ മാധ്യമങ്ങളെ മിന്നാലാക്രമണ വിവരം അറിയിച്ചത്. ഇത് മോദിയാണ്, അവരുടെ ഭാഷയില്‍ തന്നെ എങ്ങനെ മറുപടി കൊടുക്കണമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ആശങ്കയുളവാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ പീഡന സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.