ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണമില്ല; ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

single-img
19 April 2018

സൊഹ്‌റാബുദ്ദിന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തില്‍ അന്വേഷണമില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളി.

ഹര്‍ജികള്‍ ബാലിശവും അപവാദകരവുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമെന്നും സുപ്രീംകോടതി പറഞ്ഞു. ലോയയ്‌ക്കൊപ്പമുണ്ടായിരുന്ന ജഡ്ജിമാരെ അവിശ്വസിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിലപാട്.

ഹര്‍ജികള്‍ തള്ളി കൊണ്ടുള്ള വിധിയില്‍ കേസില്‍ ഹാജരായ വാദിഭാഗം അഭിഭാഷകര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചെങ്കിലും ബെഞ്ചില്‍ അംഗമായ ഡി.വൈ.ചന്ദ്രചൂഢാണ് ഈ വിധി എഴുതിയിരിക്കുന്നത്.

ജഡ്ജി ലോയ മറ്റു മൂന്ന് ജഡ്ജിമാര്‍ക്കൊപ്പമാണ് നാഗ്പുരിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചത്. മരണപ്പെടും മുന്‍പ് ഇവര്‍ ഒരുമിച്ചാണ് യാത്ര ചെയ്തതും നാഗ്പുരില്‍ ഒരു കല്ല്യാണത്തില്‍ പങ്കെടുത്തതും. ഇക്കാര്യത്തില്‍ ജഡ്ജിമാരെ സംശയനിഴലില്‍ നിര്‍ത്താനുള്ള ഒന്നും തന്നെയില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജഡ്ജിമാര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ സംശയകരമായി ഒന്നും തന്നെയില്ല എന്നും അതിനാല്‍ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പൊതുതാത്പര്യ ഹര്‍ജികള്‍ വ്യക്തിതാത്പര്യഹര്‍ജികളും, രാഷ്ട്രീയതാത്പര്യങ്ങളും തീര്‍ക്കാനുള്ളതാക്കി മാറ്റുകയാണെന്ന് വിധിയില്‍ സുപ്രീംകോടതി കുറ്റപ്പെടുത്തി.

അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ വാദിച്ച പ്രശാന്ത് ഭൂഷണ്‍, ദുഷന്ത് ദാവെ തുടങ്ങിയ അഭിഭാഷകരേയും കോടതി പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുമ്പോള്‍ തന്നെ അഭിഭാഷകര്‍ കോടതിക്ക് പുറത്ത് കോടതിയെ വിമര്‍ശിക്കുന്ന അവസ്ഥയുണ്ടായെന്നും അഭിഭാഷകര്‍ക്കെതിരെ കോടതീയലക്ഷ്യത്തിന് കേസെടുക്കേണ്ടതാണെങ്കിലും അത് ചെയ്യുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വിധിയില്‍ പറയുന്നു. പൊതുതാത്പര്യഹര്‍ജികള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദേശവും വിധിയോടൊപ്പം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികളെ മഹാരാഷ്ട്ര സര്‍ക്കാരും എതിര്‍ത്തിരുന്നു. 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ലോയ മരണപ്പെടുന്നത്. ഹൃദ്രോഗത്തെ തുടര്‍ന്നാണ് ലോയ മരിച്ചതെന്നായിരുന്നു കുടുംബത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്.

എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പിന്നീട് കുടുംബം ആരോപിക്കുകയായിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നടത്തുന്ന കാലയളവിലാണ് ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്.

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടതില്‍ പ്രതിഷേധിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് എതിരെ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.