അബുദാബി-ദുബായ് യാത്രയ്ക്ക് വെറും 20 മിനുറ്റ്

single-img
19 April 2018

അബുദാബി: അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനകം ആരംഭിക്കുമെന്ന് പ്രധാന നിര്‍മ്മാതാക്കളായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കി. അബുദാബി ദുബായ് യാത്ര മിനുട്ടുകള്‍ കൊണ്ട് സാധ്യമാക്കുന്ന ഈ സംവിധാനത്തിന്റെ വേഗത മണിക്കൂറില്‍ 1200 കിലോമീറ്ററാണ്.

അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രോപര്‍ട്ടി എക്‌സിബിഷനില്‍ ഹൈപ്പര്‍ലൂപ്പിന്റെ റൂട്ട് പ്രഖ്യാപിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈപര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസും അല്‍ദാര്‍ ഡെവലപേഴ്‌സും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന്റെ ഭാഗമായാണ് റൂട്ട് പ്രഖ്യാപനം.

റുട്ട് സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയത്. വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ദുബായ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന അല്‍ ഖദീറില്‍നിന്ന് യാസ്‌ഐലന്റിലേക്കും മറ്റു സ്ഥലങ്ങളിലേക്കും 2020ഓടെ ഹൈപര്‍ലൂപ്പ് പാതകള്‍ നിര്‍മിക്കാനാണ് പദ്ധതി.

അബുദാബി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പത്ത് കിലോമീറ്റര്‍ ട്രാക്കും ഉണ്ടാകും.അല്‍ ഖദീറില്‍നിന്ന് ഹൈപര്‍ലൂപ് ഔദ്യോഗികമായി ആരംഭിക്കുകയാണെന്നും മറ്റ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പദ്ധതി തുടങ്ങുമെന്നും ഹൈപര്‍ലൂപ് ട്രാന്‍സ?പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് ചെയര്‍മാന്‍ ബിബോപ് ഗ്രെസ്റ്റ അറിയിച്ചു.

നിരവധി റൂട്ടുകള്‍ പരിഗണനയിലുണ്ട്. എന്നാല്‍, വിമാനത്താവളം, സൗദി അറേബ്യ എന്നിവയെ ബന്ധിപ്പിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. 2019 ഓടെ നിര്‍മാണം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ ഇതാണ് ഹൈപര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസിന്റെ എറ്റവും വലിയ പദ്ധതി. ഭാവിയില്‍ കൂടതല്‍ പദ്ധതികള്‍ ഉണ്ടാകുമെന്നും ബിബോപ് ഗ്രെസ്റ്റ വ്യക്തമാക്കി.