മക്ക മസ്ജിദ് സ്‌ഫോടന കേസ് പ്രതികളെ വെറുതെ വിട്ട ജഡ്ജിയുടെ രാജി തള്ളി

single-img
19 April 2018

ഹൈദരാബാദ്: ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2007ലെ മക്ക മസ്ജിദ് സ്‌ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് വിധി പുറപ്പെടുവിച്ച എന്‍.ഐ.എ ജഡ്ജി രവീന്ദര്‍ റെഡ്ഡിയുടെ രാജി ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു.

വിധി പറഞ്ഞതിന് പിന്നാലെ ജഡ്ജി 15 ദിവസത്തെ അവധിയിലും പ്രവേശിച്ചിരുന്നു. എന്നാല്‍, രാജി സ്വീകരിക്കുന്നില്ലെന്നും അവധി റദ്ദാക്കി എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കാനും ചീഫ് ജസ്റ്റിസ് റെഡ്ഡിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

തിങ്കളാഴ്ച 2007ലെ മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ട വിധി പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കകം കെ.രവീന്ദര്‍ റെഡ്ഡി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് രാജിക്കത്ത് കൈമാറിയിരുന്നു.

2007 മെയ് 18 നാണ് കേസിനാസ്പദമായ മക്ക മസ്ജിദ് സ്‌ഫോടനം നടന്നത്. മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം നടത്തിയത്. ഒമ്പത്‌പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് 2011 ല്‍ എന്‍ഐഎ ഏറ്റെടുത്തു. കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎ ആര്‍എസ്എസ് മുന്‍ പ്രചാരകനായിരുന്ന സ്വാമി അസീമാന്ദ ഉള്‍പ്പെടെയുള്ള അഞ്ച്‌പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇവരെയാണ് കോടതി വെറുതെ വിട്ടത്.