തിരിച്ചുവരവിനൊരുങ്ങി ഗോവിന്ദ; ഫ്രൈ ഡേ മേയില്‍ എത്തും

single-img
19 April 2018

ഡാന്‍സിംഗ് സൂപ്പര്‍സ്റ്റാര്‍ ഗോവിന്ദ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. അഭിഷേക് ഡോഗ്ര സംവിധാനം ചെയ്യുന്ന ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഫുക്രി ഫെയിം വരുണ്‍ ശര്‍മ്മയാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.

മേയ് 25ന് ചിത്രം തീയറ്ററുകളിലെത്തും. മുഴുനീള കോമഡി ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഗോവിന്ദ ട്വിറ്ററിലൂടെ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററും ഇതൊരു കോമഡി ചിത്രമായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

2007ല്‍ പുറത്തിറങ്ങിയ ഡേവിഡ് ധവാന്റെ പാര്‍ട്ണറായിരുന്നു ഗോവിന്ദയുടെ ഏറ്റവുമൊടുവിലിറങ്ങിയ വിജയ ചിത്രം. സല്‍മാന്‍ ഖാനായിരുന്നു ഇതിലെ മറ്റൊരു നായകന്‍. പാര്‍ട്ണറുടെ വിജയത്തിന് ശേഷം 2014ല്‍ യാഷ് രാജ് ഫിലിംസിന്റെ കില്‍ ദില്‍ എന്ന ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലൂടെ ഗോവിന്ദ തിരിച്ചുവരവിനൊരുങ്ങിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

രണ്‍വീര്‍ സിംഗ്, അലി സഫര്‍, പരിനീതി ചോപ്ര എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. പിന്നീട് സെയ്ഫ് അലി ഖാന്റെ ഹാപ്പി എന്‍ഡിംഗില്‍ അതിഥി വേഷത്തിലെത്തി. ആ ചിത്രവും പരാജയമായിരുന്നു. തുടര്‍ന്ന് സ്വന്തം നിര്‍മ്മാണത്തിലിറങ്ങിയ ആ ഗയാ ഹീറോയും തീയറ്ററുകളെ ഇളക്കിമറിക്കാന്‍ കഴിഞ്ഞില്ല. 1986ല്‍ ലവ് 86, ഇസാം എന്നീ ചിത്രങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. കോമഡിക്ക് പുറമെ വൈകാരിക വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് ഗോവിന്ദ തെളിയിച്ചിട്ടുണ്ട്.