ചിക്കന്‍പോക്‌സ് വന്നാല്‍ കുളിക്കാമോ ?

single-img
19 April 2018

വേനല്‍ക്കാലമായതോടെ ചൂടുകാല രോഗങ്ങളും ഒന്നൊന്നായി എത്തിത്തുടങ്ങി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു രോഗമാണ് ചിക്കന്‍പോക്‌സ്. വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ് ചിക്കന്‍പോക്‌സ്. വെരിസെല്ലാസോസ്റ്റര്‍ എന്ന വൈറസാണ് രോഗകാരണം.

ചിക്കന്‍പോക്‌സിന്റെ കുരുക്കള്‍ക്ക് ഒറ്റ അറ മാത്രമേ ഉള്ളൂ. തീര്‍ത്തും തൊലിപ്പുറമേ ഉണ്ടാകുന്ന അസുഖമായ ചിക്കന്‍പോക്‌സിന്റെ അണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 21 ദിവസങ്ങളെടുക്കും വളര്‍ന്നുപെരുകി രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍. തലവേദന, പനി, തുമ്മല്‍, ക്ഷീണം എന്നിവയായിരിക്കും പ്രാരംഭലക്ഷണങ്ങള്‍.

ഈ ലക്ഷണങ്ങള്‍ രണ്ടു മൂന്നുദിവസം നീണ്ടുനില്‍ക്കും. അതിനുശേഷമായിരിക്കും കുരുക്കള്‍ പ്രത്യക്ഷപ്പെടുക. കുരുക്കള്‍ വരും മുമ്പ് പനിയും തുമ്മലും തലവേദനയും തുടങ്ങുന്ന സമയത്താണ് രോഗാണുവാഹകര്‍ മറ്റുള്ളവര്‍ക്ക്, കൂടുതലായും രോഗം പകര്‍ന്നുനല്‍കുക.

കുരുക്കള്‍ ഉണ്ടാകുന്നതു നിലച്ചാല്‍ പിന്നെ രോഗം പകരുകയില്ല. ചിക്കന്‍ പോക്‌സാണെന്നറിയാതെ, പനിയും തലവേദനയുമായി യാത്ര ചെയ്യുമ്പോഴാണ് മറ്റുള്ളവര്‍ക്ക് രോഗപകര്‍ച്ചയുണ്ടാകുന്നതെന്ന ബോധം മലയാളികള്‍ക്കിന്നുമില്ല. ഒന്നോ രണ്ടോ കുരുക്കള്‍ കാണുമ്പോഴേ ചിക്കന്‍പോക്‌സാണെന്നു തിരിച്ചറിയാം.

ചിക്കന്‍പോക്‌സ് തുടക്കത്തില്‍ തന്നെ ചികിത്സിക്കണം. ചികിത്സിച്ചാല്‍ കുരുക്കള്‍ ഉള്‍വലിയുമെന്ന ധാരണ തെറ്റാണ്. എന്നാല്‍ ചികിത്സിച്ചില്ലെങ്കില്‍ പിന്നീട് ഹെര്‍പ്പിസ് സോസ്റ്റര്‍ എന്ന രോഗമായി മാറാം. ഇത് കേള്‍വിയേയും കാഴ്ചയേയും ബാധിക്കാം. ചിക്കന്‍പോക്‌സ് വന്നാല്‍ കലാമിന്‍ ലോഷന്‍ പുരട്ടി കുളിക്കാം.

കുളിക്കാതെയിരുന്നാല്‍ ശരീരം അശുദ്ധമാവും, അസ്വസ്ഥകള്‍ ചൊറിച്ചില്‍ ഒക്കെ കൂടും എന്ന് മാത്രമല്ല ചൊറിഞ്ഞു പൊട്ടിയ വൃണങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ രോഗാണുബാധ ഉണ്ടായി പഴുക്കാനുള്ള സാധ്യതയും കൂടുന്നു. ദിവസവും കുളിക്കണം. സോപ്പ് ഉപയോഗിക്കാം തോര്‍ത്ത് ഉപയോഗിക്കുന്ന സമയത്ത് കഴിയുന്നതും പൊട്ടാതെ ഇരിക്കാന്‍ മൃദുവായ തുണി ഉപയോഗിക്കുകയും വെള്ളം ഒപ്പി എടുക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധിക്കാം.

നല്ല കാറ്റും വെളിച്ചവും കടക്കുന്ന മുറിയില്‍ വേണം രോഗിയെ കിടത്താന്‍. ഒരു ഭക്ഷണവും വര്‍ജ്യമല്ല. ഇറച്ചിയും മീനുമൊക്കെ കഴിക്കാം. തണുത്ത ഭക്ഷണം കൊടുക്കരുത്. ചെറു ചൂടുള്ള ഭക്ഷണം നല്‍കുക. ഉപ്പ് നിര്‍ബന്ധമായും നല്‍കണം. അല്ലെങ്കില്‍ രക്തസമ്മര്‍ദം താഴ്ന്ന് രോഗി മരിക്കാനിടയാകും.